ആലപ്പുഴ : തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ്‌ മുൻസിപ്പൽ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ആദ്യഘട്ട പരിശീലനം നൽകി. ജില്ലയിൽ ചെങ്ങന്നൂർ ഒഴികെ പോളിങ് സാമഗ്രികളുടെ വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ള അതതു കേന്ദ്രങ്ങളിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. ചെങ്ങന്നൂരിൽ മുൻസിപ്പൽ ഹാളിൽ ആണ് വെച്ചാണ് പരിശീലനം നൽകിയത്.

കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതുമായിബന്ധപ്പെട്ട് പ്രത്യേകം നിയമിച്ചിട്ടുള്ള കോവിഡ് സ്‌പെഷ്യൽ ഓഫീസർമാർക്കും പരിശീലനം നൽകി. കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതിനുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ, സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. ടി ഡി എച്ച് എസ് എസ് തുറവൂർ, ഗവൺമെന്റ് എച്ച്എസ്എസ് കലവൂർ, മോഡൽ ബോയ്സ് എച്ച്എസ്എസ് അമ്പലപ്പുഴ, മാവേലിക്കര മുനിസിപ്പൽ ഓഫീസ്‌ കോൺഫറൻസ് ഹാൾ, വി വി എച്ച് എസ് എസ് താമരക്കുളം എന്നിവടങ്ങളിലാണ് പരിശീലനം നൽകിയത്.

ഇതോടൊപ്പം, അമ്പലപ്പുഴ മോഡൽ ബോയ്സ് ഹയർ
സെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിശീലന ക്ലാസുകൾ കളക്ടർ എ അലക്സാണ്ടർ സന്ദർശിച്ചു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവർ ക്കെതിരെ നടപടി സ്വീകരിക്കാൻ അതത് വരണാധികാരികളോട് ജില്ലാകളക്ടർ നിർദേശിച്ചു.