കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിം ഉദ്യോഗസ്ഥരും ഒരു അറ്റൻഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഏജൻ്റുമാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും.

ഉദ്യോഗസ്ഥർ തലേദിവസം മുതൽ പോളിംഗ് സ്റ്റേഷനിൽ താമസിക്കും. പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ലഭ്യമാക്കും. പോളിംഗ് ബൂത്തിന് മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടും.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വരിയുണ്ടാകും. മറ്റുള്ളവർക്ക് പ്രത്യേക വരി നിർബന്ധമല്ല.

പോളിംഗ് സ്റ്റേഷനിൽ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കിൽ അവിടെ വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ കരുതണമെന്ന് കലക്ടർ നിർദ്ദേശിച്ചു. സ്ലിപ്പ് വിതരണത്തിന് രണ്ടുപേരിൽ കൂടാൻ പാടില്ല. ഇവ വിതരണം ചെയ്യുന്നവർ നിർബന്ധമായും മാസ്ക് കൈയുറ എന്നിവ ധരിച്ചിരിക്കണം.