വയനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുന്‍പ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുളളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. ഇവരെ പ്രത്യേകം വോട്ടര്‍മാരായി കണക്കാക്കും. ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ വോട്ടെടുപ്പിന്റെ തലേ ദിവസമായ 9 ന് വൈകീട്ട് 3 വരെ പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ ആകുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. 9 ന് വൈകീട്ട് 3 നു ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തെരഞ്ഞെുടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തില്‍ എത്തുന്നവരുടെ വാഹനം വേര്‍തിരിച്ച കാബിന്‍ സൗകര്യം ഉളളതായിരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പോസിറ്റീവായോ ക്വാറന്റൈനിലായോ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് വോട്ടര്‍ നെഗറ്റീവായാലും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടാലും പോസ്റ്റല്‍ വോട്ട് തന്നെ ചെയ്യണം. ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് ജില്ലക്കാരുടെ വിവരങ്ങള്‍ അതത് ജില്ലകളിലെ വരണാധികാരികള്‍ക്ക് കൈമാറും

പ്രത്യേകം ചുമതല നല്‍കിയ ജില്ലാതല മെഡിക്കല്‍ ഓഫീസറാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുക. ജില്ലയില്‍ ഡി.എച്ച്.ഒ ആയി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.പി അഭിലാഷിനെയാണ് നിയമിച്ചിരിക്കുന്നത്. ഫോം 19 എ യില്‍ തയ്യാറാക്കുന്ന ലിസ്റ്റിന്റെ ആദ്യപട്ടിക വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മെഡിക്കല്‍ ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറും. വോട്ടെടുപ്പ് തലേദിവസം വൈകിട്ട് 3 വരെ ഓരോ ദിവസവും ദൈനംദിന പട്ടികയും ഇത്തരത്തില്‍ തയ്യാറാക്കും. കോവിഡ് പോസിറ്റീവ്, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ ഗ്രൂപ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങള്‍ നല്‍കില്ല.

തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ

കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും. തപാല്‍ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടര്‍ക്ക് അവകാശമുണ്ട്. സ്വീകരിച്ചാല്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നല്‍കുന്ന ഫോം 19 ബി യില്‍ ഒപ്പിട്ട് നല്‍കണം. വോട്ട് രഹസ്യ സ്വഭാവത്തില്‍ വേണം രേഖപ്പെടുത്താന്‍. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പോളിംഗ് ഓഫീസര്‍ക്ക് മടക്കി നല്‍കാം. അതിന് രസീത് ലഭിക്കും. ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് കൈമാറാത്തവര്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഡ് തപാലിലോ നേരിട്ടോ വരണാധികാരികള്‍ക്ക് ബാലറ്റ് എത്തിക്കണം. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് പോളിങ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ ആണ്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ രോഗികളുടെ അടുത്ത് എത്തുന്നതിന് നിശ്ചയിച്ചിട്ടുളള സമയം സ്ഥാനാര്‍ത്ഥികളെയും അറിയിക്കും.

ഇതുകൂടാതെ തപാല്‍ ബാലറ്റ് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ഫോം 19 ഡി യില്‍ അപേക്ഷ നല്‍കിയും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. അപേക്ഷയോടൊപ്പം അര്‍ഹത തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രമായ ഫോം 19 സി യും സമര്‍പ്പിക്കണം. അര്‍ഹരെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കും. വോട്ടു രേഖപ്പെടുത്തിയ ശേഷം തപാലില്‍ വരണാധികാരികള്‍ക്ക് ഇത് അയക്കുകയാണ് വേണ്ടത്.

പ്രത്യേക തപാല്‍ വോട്ടുളളവര്‍ നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് വരണാധികാരികള്‍ ഉറപ്പാക്കും. തപാല്‍ വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് ആറിനകം പൂര്‍ത്തിയാകും.

വോട്ടറും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം . പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരോ വോട്ടര്‍ക്കുമുളള ഫോമുകള്‍ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് പേപ്പറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും വോട്ടറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുളളു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസിങ് എന്നിവ നിര്‍ബന്ധമാണ്. ഉപയോഗിച്ച സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകളും ഫോമുകളും സൂക്ഷിക്കാന്‍ വരണാധികാരികള്‍ പ്രത്യേകം സ്ഥലം ഒരുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.