ആലപ്പുഴ: കോവിഡ്19 മഹാമാരി കാലത്ത് നമ്മള്‍ പഠിച്ചത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ രോഗത്തെയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും നേരിടാനാവൂ എന്നുള്ളതാണ്. ആ പാഠത്തില്‍ നിന്നാണ് ഈ ലോക എയ്ഡ്സ് ദിനത്തിന്‍റെ സന്ദേശമായ ‘ഉത്തരവാദിത്തം പങ്കുവയ്ക്കാം വൈറസ് ബാധിതരോട് ഐക്യദാര്‍ഡ്യം പങ്കുവെയ്ക്കാം’ എന്നത് ഉരുത്തിരിഞ്ഞത്. എച്ച്.ഐ.വി രോഗത്തിനുള്ള പ്രതിവിധി പ്രതിരോധം മാത്രമാണ്.

സമൂഹത്തിന്‍റെ എല്ലാതലത്തിലുമുള്ളവര്‍ രോഗ പ്രതിരോധത്തില്‍ പങ്കാളികളാകേണ്ടതുണ്ട്. 2030 ആണ്ടോടുകൂടി എച്ച്.ഐ.വി എന്ന വൈറസിനെ ഈ ഭൂമിഖത്തുനിന്നുതന്നെ തുടച്ചു നീക്കണം എന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടന മുന്നിലേയ്ക്ക് വയ്ക്കുന്നത്. രോഗം പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യേണ്ടതാണ്.

അതോടൊപ്പം തന്നെ എച്ച്.ഐ.വി അണുബാധിതരെ സാധാരണക്കാരെ പോലെ തുല്യ നിലയില്‍ പരിഗണിക്കുകയും ആവര്‍ക്ക് ആവശ്യമായ പിന്തുണയും, സഹായവും ചെയ്തുകൊടുക്കേണ്ടതും അവരുടെ അവകാശങ്ങള്‍സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതും ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാവരും ഏറ്റെടുക്കേണ്ട പ്രതിജ്ഞ ചുവടെ.

പ്രതിജ്ഞ

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കോവിഡിനെതിരെയുള്ള കരുതലിനായി ശരിയായി മാസ്ക് ധരിച്ചും കൈകള്‍ കഴുകിയും അകലം സൂക്ഷിച്ചും പ്രതിരോധിക്കുന്നതോടൊപ്പം എച്ച്. ഐ.വി അണുബാധ ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കുകയും രോഗം പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുമെന്നും ഞാന്‍ പ്രതിജ്ഞയെടുക്കുന്നു. എച്ച്.ഐ.വി അണുബാധിതര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും ചെയ്തു കൊടുക്കുവാന്‍ ശ്രമിക്കുമെന്നും അതോടൊപ്പം കോവിഡിനെതിരെ കൂടുതല്‍ കരുതല്‍ നല്‍കേണ്ട വയോജനങ്ങളെയും കുഞ്ഞുങ്ങളെയും ഞാന്‍ ശ്രദ്ധിച്ചു കൊണ്ട് എന്‍റെ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രതിജ്ഞ ചെയ്യുന്നു.