എറണാകുളം: ജില്ലയിലെ സംവരണ വാര്‍ഡുകള്‍ ഏതൊക്കെയാണ്? ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെയും വരണാധികാരികള്‍ ആരോക്കെ? തിരഞ്ഞെടുപ്പ് നിരീക്ഷകരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ഏതെല്ലാമാണ്?… തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ജില്ല ഇൻഫര്‍മേഷൻ ഓഫീസ് പുറത്തിറക്കിയ ‘തദ്ദേശ തിരഞ്ഞെടുപ്പ് 2020 എറണാകുളം ജില്ല ഡയറക്ടറി’യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ല ഇൻഫര്‍മേഷൻ ഓഫീസ് തയ്യാറാക്കിയ ഡയറക്ടറി ജില്ല കളക്ടര്‍ എസ് സുഹാസ് ജില്ല ഇൻഫര്‍മേഷൻ ഓഫീസര്‍ ബി. സേതുരാജിന് നല്‍കി പ്രകാശനം ചെയ്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ചുമതലകളില്‍ ഉള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും, എറണാകുളം ജില്ലയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍, ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വനിത, പട്ടികജാതി വനിത, പട്ടിക ജാതി പൊതു വിഭാഗം എണ്ണം, പോളിങ്ങ് സ്റ്റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍, വരണാധികാരികളെയും സഹ വരണാധികാരികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടുള്ള പൊതു നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന തീയതികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍തഥികളുടെ യോഗ്യതയും അയോഗ്യതയുമെല്ലാമുള്‍പ്പെടുത്തിയാണ് ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത്.
പ്രകാശന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.അയ്യപ്പൻ, അസിസ്റ്റൻ്റ് എഡിറ്റർ കെ. കെ. ജയകുമാർ, ലോ ഓഫീസർ ബ്രിജിത്ത്, ഹിന്ദു ബ്യൂറോ ചീഫ് എസ്. ആനന്ദൻ, സബ് എഡിറ്റർ സുനിൽ കുമാർ എം. എൻ എന്നിവർ പങ്കെടുത്തു.