പാലക്കാട്: പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരം തിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ക്ക് കൈമാറണം. ശാസ്ത്രീയ പുന: ചംക്രമണത്തിനായി അത് കൈമാറും. ഉപയോഗ ശേഷം വലിച്ചെറിയുന്ന വോട്ടേഴ്സ് സ്ലിപ്പും ശേഖരിച്ച് കൈമാറാവുന്നതാണ്.

ഹരിത പെരുമാറ്റച്ചട്ടം: ഹരിത കേരളം- ശുചിത്വമിഷനുകളെ സമീപിക്കാം

തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതല്‍ തദ്ദേശ സ്ഥാപനതലം വരെ സഹായ സഹകരണങ്ങള്‍ക്ക് ഹരിത കേരളം മിഷനേയും ശുചിത്വ മിഷനേയും ബന്ധപ്പെടാവുന്നതാണ്.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, കൗണ്ടറുകള്‍ അലങ്കരിക്കുന്നതിന് പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണം. ഉപയോഗ ശൂന്യമായ പേപ്പറുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ ബിന്നുകളില്‍ നിക്ഷേപിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാം. പ്ലാസ്റ്റിക് കുപ്പിവെള്ളം, ഡിസ്പോസബിള്‍ പാത്രങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കാം. നിശ്ചിത ഇടവേളകളില്‍ ഓഫീസുകള്‍ അണുവിമുക്തമാക്കുന്നതിന് ഹരിത കര്‍മ്മസേന യൂണിറ്റിന്റെ സേവനവും പ്രയോജനപ്പെടുത്താം.