കൊല്ലം :  ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍.ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ ഗതി അനുസരിച്ച് മുന്നറിയിപ്പുകളില്‍ മാറ്റംവരാം. അപകട മേഖലയിലുള്ളവര്‍ ഉടന്‍തന്നെ മാറി താമസിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് 35,000 ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 358 കേന്ദ്രങ്ങള്‍ ഒരുക്കി. അപകടാവസ്ഥയില്‍ കഴിയുന്ന 2391 പേരെ ഉടന്‍ മാറ്റി പാര്‍പ്പിക്കും.
തീരമേഖല, മലയോര മേഖല എന്നിവിടങ്ങളിലെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രി യാത്രയും മറ്റ് ദൂരയാത്രകളും പരമാവധി ഒഴിവാക്കണം.

വിനോദസഞ്ചാര മേഖല, മത്സ്യബന്ധന മേഖല, മണ്ണെടുപ്പ്, ക്വാറി എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദേശവും നല്‍കി. പൊതുഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കലക്ടര്‍ പറഞ്ഞു.
കടലില്‍ പോയ മുഴുവന്‍ ബോട്ടുകളും തിരിച്ചെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏകദേശം എല്ലാ ബോട്ടുകളും തിരിച്ചെത്തിയതായി കലക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്നും കടലില്‍ പോയ ആളുകള്‍ അടിയന്തര സാഹചര്യത്തില്‍ കൊല്ലത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അടിയന്തര സാഹചര്യത്തില്‍ അല്ലാതെ അവധിയെടുക്കാന്‍ പാടില്ല. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റയിനിലുള്ളവര്‍ക്കും ഐസൊലേഷന്‍ സൗകര്യം ഒരുക്കും. ജനങ്ങള്‍ക്ക്  24 മണിക്കൂറും ബന്ധപ്പെടാന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രധാനപ്പെട്ട എല്ലാ വകുപ്പ് മേധാവികളുടെയും സേവനം ലഭ്യമാണ്. ഏത് വകുപ്പിനെയും ഏത് സാഹചര്യത്തിലും ബന്ധപ്പെടാന്‍ കഴിയും.ജില്ലയിലെ ഡാമുകള്‍ നിലവില്‍ സുരക്ഷിതമാണ്. ആവശ്യമെങ്കില്‍ വെളളം തുറന്നു വിടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്‍ട്രോതുരുത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കി സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ലാ ദുരന്തനിവാരണ അതോറിറ്റി – 1077, കലക്‌ട്രേറ്റ് – 0474-2794002, 2794004, കൊല്ലം താലൂക്ക് ഓഫീസ് – 0474-2742116, പുനലൂര്‍ താലൂക്ക് ഓഫീസ് – 0475-2222605, കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് – 0476-2620223, കൊട്ടാരക്കര താലൂക്ക് ഓഫീസ് – 0474-2454623, കുന്നത്തൂര്‍ താലൂക്ക് ഓഫീസ് – 0476-2830345, പത്തനാപുരം താലൂക്ക് ഓഫീസ് – 0475-2350090.