കോഴിക്കോട്:   തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ബോധവല്‍കരണ തെരുവുനാടകം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ടായിരിക്കണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് തെരുവുനാടകം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കി മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയുടെ സഹായത്തോടെ സംസ്‌ക്കരിക്കണമെന്ന് നാടകം ഓര്‍മ്മപ്പെടുത്തി.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വേദിക രംഗശ്രീ തിയേറ്ററാണ് നാടകം സംഘടിപ്പിച്ചത്. പുതിയ സ്റ്റാന്‍ഡ്, പാളയം, ഫറോക്ക്, രാമനാട്ടുകര, പെരുമണ്ണ, മാവൂര്‍, ഓമശ്ശേരി, കുന്ദമംഗലം, കൊടുവള്ളി മുക്കം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലാണ് നാടകം അരങ്ങേറിയത്. മൂന്നു ദിവസങ്ങളിലായി ജില്ലയിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം നാടകം അവതരിപ്പിക്കും. എം.ബിജി, സി.മാധവി, കെ.ടി. പാര്‍വതി, പി.ലീന, എം.എം.റീജ എന്നിവരാണ് അഭിനേതാക്കള്‍.

കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ സാംബശിവറാവു നാടകാവതരണം ഉദ്ഘാടനം ചെയ്തു. സബ്കലക്ടര്‍ ജി.പ്രിയങ്ക, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജനില്‍കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ്, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എം.സൂര്യ, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നാസര്‍ ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി.കവിത, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.