എറണാകുളം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ 6, 7 തീയതികളിൽ നടക്കും. ഇതിനായി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസിൽ നിന്നും വരണാധികാരികൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കൊച്ചി കോർപറേഷൻ വരണാധികൾക്കാണ് യന്ത്രങ്ങൾ കൈമാറുന്നത്. ഇവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരിമാർക്ക് നൽകും.

ഡിസംബർ നാലിന് ജില്ലയിലെ 10 ബ്ലോക്കുകളിലെ വരണാധികാരികൾ യന്ത്രങ്ങൾ ഏറ്റുവാങ്ങി. ഡിസംബർ അഞ്ചിന് ബാക്കിയുള്ള നാല് ബ്ലോക്ക് പഞ്ചായത്തുകളിലെയും 13 മുനിസിപ്പാലിറ്റികളിലെയും കോർപറേഷനിലെയും വരണാധികാരികൾക്ക് യന്ത്രങ്ങൾ നൽകും. വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. സ്ഥാനാർത്ഥികളുടെ അഭാവത്തിൽ ഏജൻ്റിനും പങ്കെടുക്കാം.

ഒരു വാർഡിൽ പതിനഞ്ചിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ അധികമായി ഒരു ബാലറ്റ് യൂണിറ്റുകൂടി ഉൾപ്പെടുത്തും. കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം മോക്പോൾ നടത്തി പ്രവർത്തനം പരിശോധിക്കും. വോട്ടെടുപ്പ് ദിവസം ആദ്യവും മോക്പോൾ നടത്തിയതിനു ശേഷമായിരിക്കും യന്ത്രങ്ങൾ വോട്ടെടുപ്പിന് ഉപയോഗിക്കുക.

കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. ഡിസംബർ ഒൻപതിന് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇവിടെ നിന്നും നടത്തും.

കൊച്ചിൻ കോർപറേഷനിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് എറണാകുളം മഹാരാജാസ് സെൻ്റിനറി ഓഡിറ്റോറിയത്തിൽ ആറിന് ആരംഭിക്കും.
തൃപ്പൂണിത്തുറ നഗരസഭയുടെ കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ ആറിന് ഗവ.ബോയ്സ് ഹൈ. സ്കൂളിൽ നടക്കും. മുവാറ്റുപുഴ നഗരസഭയുടേത് മുവാറ്റുപുഴ സ്കൗട്ട് ഭവനിലും കോതമംഗലം നഗരസഭയുടേത് ഗവ. ടൗൺ യു.പി. സ്കൂളിലും നടക്കും.

പെരുമ്പാവൂർ നഗരസഭയിലെ മുനിസിപ്പൽ ടൗൺ ഹാളിലും, ആലുവ നഗരസഭയിലെ ആലുവ ഗേൾസ് ഹൈ സ്കൂളിലും കളമശ്ശേരിയിലെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും പറവൂർ നഗരസഭയുടേത് ഗവ.എച്ച്.എസ് പറവൂരും അങ്കമാലി നഗരസഭയുടേത് മുനിസിപ്പൽ ഓഫീസ് സമുച്ചയത്തിലും ഏലൂർ നഗരസഭയുടേത് ഗാർഡിയൻ ഏഞ്ചൽ സ്കൂളിലും ഡിസംബർ 6, 7 തീയതികളിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സെറ്റിംഗ് നടത്തുക. 30 ആളുകളിൽ കൂടുതൽ പേരെ സെറ്റിംഗ് നടത്തുന്ന ഹാളിൽ പ്രവേശിപ്പിക്കില്ല.