തിരുവനന്തപുരം:  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം തോന്നത്തക്ക രീതിയില്‍ അച്ചടിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള  ബാലറ്റ് പേപ്പറാണ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ളത്.  അതിനാല്‍ വെള്ള, നീല, പിങ്ക് എന്നീ നിറങ്ങള്‍ ഒഴിവാക്കി വേണം ഡമ്മി ബാലറ്റ് അച്ചടിക്കാന്‍.
ഒരു സ്ഥാനാര്‍ഥി ബാലറ്റ് പേപ്പറില്‍ തന്റെ പേര് എവിടെ വരുമെന്ന് വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താനാണ് ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നത്. ഇങ്ങനെ അച്ചടിക്കുമ്പോള്‍ വാര്‍ഡില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.