സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്(37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി(47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തിരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കും.


തിരഞ്ഞെടുപ്പ് സജ്ജീകരണം : സ്‌കൂളുകൾ കേടുപറ്റാതെ ഉപയോഗിക്കാൻ നിർദ്ദേശം

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾക്കും ഹൈടെക് ക്ലാസ് മുറികൾക്കും കോടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷന് നൽകിയ കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും മറ്റ് വിശദാംശങ്ങളും സ്‌കൂൾ അധികൃതർ ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുവാൻ കഴിയുമോയെന്ന് പരിശോധിക്കണം. അവ ചുമരുകളിലോ വാതിലുകളിലോ പതിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കേടുപാടു വരാത്ത വിധം പതിക്കേണ്ടതും ഉപയോഗശേഷം നീക്കം ചെയ്യേണ്ടതുമാണ്. സ്‌ട്രോംങ് റൂമുകളായി ഉപയോഗിക്കുന്ന ക്ലാസ് മുറികളിലെ ജനലുകൾ, വാതിലുകൾ, ചുമരുകൾ എന്നിവയിൽ സീൽ ചെയ്യേണ്ട സാഹചര്യത്തിൽ കേടുപാട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.