വയനാട്:കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ ജില്ലയില്‍ തുടങ്ങി. ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റിലെ അര്‍ഹരായ 1632 പേര്‍ക്കുളള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് അവ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറി. വെള്ളിയാഴ്ച്ച വരെയുള്ള കണക്കു പ്രകാരം കോവിഡ് പോസിറ്റിവായ 558 പേരും ക്വാറന്റൈനില്‍ കഴിയുന്ന 1074 പേരുമാണ് ലിസ്റ്റിലുളളത്്. ആരോഗ്യ വകുപ്പ് ജില്ലാതല ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസറാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നതിനായി ജില്ലയില്‍ 104 വീതം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരെയും സ്‌പെഷല്‍ പോളിങ് അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ 21 എണ്ണം ടീമിലെ റിസര്‍വ് ലിസ്റ്റിലും നിയമിച്ചിട്ടുണ്ട്. സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയായി. ഇന്ന് (05.12.20) മുതല്‍ ഇവര്‍ പി.പി.ഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും താമസ കേന്ദ്രങ്ങളിലെത്തി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കി തുടങ്ങും. ഒരു പഞ്ചായത്തില്‍ നാല് വാഹനങ്ങള്‍ വീതം സംഘങ്ങളുടെ യാത്രക്കായി നല്‍കും. പോലീസ് സുരക്ഷ ഉറപ്പാക്കിയാണ് ബാലറ്റ് പേപ്പറുകളുടെ വിതരണം നടത്തുക.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നു വരെ കോവിഡ് 19 രോഗബാധിതരാകുന്നവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഓരോ ദിവസവും ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. 9 ന് മൂന്ന് മണിക്ക് ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ്ണ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം