കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഇത്തവണ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കും. ജില്ലയില്‍ 2761 പോളിംഗ് അസിസ്റ്റന്റുമാരുടെ സേവനമാണ് ലഭ്യമാകുക.
പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പോളിംഗ് അസിസ്റ്റന്റുമാരുടെ ചുമതല. സമ്മതിദായകര്‍ക്ക് സാനിറ്റൈസര്‍ വിതരണം ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നിവയും ഇവര്‍ ശ്രദ്ധിക്കണം.
ബൂത്തിലെത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് സമ്മതിദായകന്‍ കൈവശം കരുതിയിരിക്കണം. കാഴ്ച പരിമിതിയുള്ളവര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി സഹായിയെയും കൂട്ടാം.
ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടികയിലുള്ള കോവിഡ് ബാധിതരായ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്യും. ഇതിനുശേഷം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ പോളിങ് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പി പി ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ച് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കോവിഡ് പോസിറ്റീവ് ആയവരുടെ വോട്ടുകള്‍ രേഖപ്പെടുത്തുക. പോളിങ് ഉദ്യോഗസ്ഥരും പി പി ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിക്കണം. കോവിഡ് ബാധിതരായ വോട്ടര്‍മാര്‍ക്ക് രേഖകളില്‍ ഒപ്പിടുന്നതിനായി പേന വിതരണം ചെയ്യും. മറ്റുള്ളവര്‍ പേന സ്വയം കരുതണം. വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് സമ്മതിദായകന്റെ കൈകള്‍ സാനിറ്റൈസ് ചെയ്തു അണുവിമുക്തമാക്കും. ഒരു പോളിംഗ് ബൂത്തിലെ ആവശ്യത്തിനായി ഏഴു ലിറ്റര്‍ സാനിറ്റൈസര്‍ ആണ് നല്‍കിയിരിക്കുന്നത്.