– ആറ്റിങ്ങലിൽ 233 പ്രവൃത്തികൾ പൂർത്തീകരിച്ചു; 84.07 ശതമാനം
– തിരുവനന്തപുരത്ത് 244 പ്രവൃത്തികൾ; 77.94 ശതമാനം
ഡോ. എ. സമ്പത്ത് എം.പി.യുടെ പ്രാദേശിക വികസന പദ്ധതിയിലൂടെ നാലുവർഷത്തിനിടെ ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ ചെലവഴിച്ചത് 17.69 കോടി രൂപ. 233 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചു. ഡോ. ശശി തരൂർ എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 13.98 കോടി രൂപ ചെലവഴിച്ചു. 244 പദ്ധതികൾ പൂർത്തീകരിച്ചു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ എം.പി. ഫണ്ട് അവലോകനയോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.
ആറ്റിങ്ങലിൽ ലഭ്യമായ 20 കോടി രൂപയിൽ 84.07 ശതമാനം തുകയും ചെലവഴിച്ചു. 22.49 കോടി രൂപയുടെ 285 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരുന്നത്. പട്ടികജാതി മേഖലയിൽ അനുവദിച്ച 3.20 കോടി രൂപയുടെ 26 പദ്ധതികളിൽ 1.80 കോടി രൂപയുടെ 20 പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ മേഖലയിൽ അനുവദിച്ച 1.64 കോടി രൂപയുടെ 13 പദ്ധതികളിൽ 72.43 ലക്ഷം രൂപയുടെ എട്ടു പദ്ധതികളും പൂർത്തീകരിച്ചു. വർഷത്തിൽ രണ്ടു ഗഡുക്കളായാണ് എം.പി. ഫണ്ട് അനുവദിക്കുക. ഇതിൽ 2018-19 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു ലഭ്യമായിട്ടില്ല.
തിരുവനന്തപുരത്ത് ലഭ്യമായ 17.50 കോടി രൂപയിൽ 77.94 ശതമാനം തുക ചെലവഴിച്ചു. 20.43 കോടി രൂപയുടെ 372 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരുന്നത്. പട്ടികജാതി മേഖലയിൽ അനുവദിച്ച 2.17 കോടി രൂപയുടെ 31 പദ്ധതികളിൽ 1.40 കോടി രൂപയുടെ 21 പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ മേഖലയിൽ അനുവദിച്ച 1.55 കോടി രൂപയുടെ 13 പദ്ധതികളിൽ 66.44 ലക്ഷം രൂപയുടെ എട്ടു പദ്ധതികൾ പൂർത്തീകരിച്ചു. 2017-18 സാമ്പത്തിക വർഷത്തെ രണ്ടാമത്തെ ഗഡു ലഭ്യമായിട്ടില്ല.
ഇരു മണ്ഡലങ്ങളിലെയും പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. രാജ്യസഭ എം.പി. സി.പി. നാരായണൻ, പ്രൊഫ. റിച്ചാർഡ് ഹേ, സുരേഷ് ഗോപി എന്നിവർ നിർദേശിച്ച പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സി.പി. നാരായണൻ എം.പി.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച 258 പ്രവൃത്തികളിൽ 187 എണ്ണം പൂർത്തീകരിച്ചു. അനുവദിച്ച 22.50 കോടി രൂപയിൽ 19.66 കോടി രൂപ ചെലവഴിച്ചു. പ്രൊഫ. റിച്ചാർഡ് ഹേയുടെ എം.പി. ഫണ്ട് ഉപയോഗിച്ച് 109 പദ്ധതികൾ പൂർത്തീകരിച്ചു. അനുവദിച്ച 10 കോടി രൂപയിൽ 8.28 കോടി രൂപ ചെലവഴിച്ചു. സുരേഷ് ഗോപി എം.പി.യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 7.50 കോടി രൂപയിൽ 2.48 കോടി ചെലവഴിച്ചു. 27 പ്രവൃത്തികൾ പൂർത്തീകരിച്ചു.
എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പാർട്ട് ബിൽ കൃത്യമായി നൽകണമെന്നും പൂർത്തീകരിച്ച പദ്ധതികളുടെ ബിൽ സമയബന്ധിതമായി സമർപ്പിക്കുന്നതിൽ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അനു എസ്. നായർ, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ്. ബിജു, എം.പിമാരുടെ പ്രതിനിധികളായ ജാഗിർ ഹുസൈൻ, ജ്യോതിഷ്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.