തിരുവനന്തപുരം:സ്പെഷ്യല്‍ ബാലറ്റുകള്‍ തപാലിലൂടെയും അയച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് തിരികെ ലഭിക്കണം
കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ മേല്‍വിലാസത്തില്‍ തപാലിലൂടെ അയച്ചു തുടങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ മുഖേന താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് നിലവില്‍ സ്പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കിവരുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ടെത്തുന്നതിനും ബാലറ്റ് നല്‍കുന്നതിനും അസൗകര്യം നേരിടുന്നുണ്ട്. ഇതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലൂടെ അയക്കുന്നത്.
ബാലറ്റ് പേപ്പറുകള്‍ നേരിട്ട് എത്തിക്കാന്‍ കഴിയാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയക്കും. ഇതിന് പ്രത്യേകം അപേക്ഷ നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്പെഷ്യല്‍ ബാലറ്റുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കാകും തപാല്‍ വഴി ബാലറ്റുകള്‍ അയക്കുക. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളില്‍ അപേക്ഷാ ഫോം (ഫോം 19 ബി), സത്യപ്രസ്താവന (ഫോം 16), ബാലറ്റ് പേപ്പര്‍, ബാലറ്റ് പേപ്പര്‍ ഇടാനുള്ള കവറുകള്‍ എന്നിവയുണ്ടാകും. അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ടശേഷം സത്യപ്രസ്താവന ഗസറ്റഡ് ഓഫീസറെയോ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് ഓഫീസറെയോ(ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് ചെറിയ കവറില്‍ ഇട്ട് ഒട്ടിക്കണം. അപേക്ഷാ ഫോമും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വലിയ കവറിലിട്ട് ഒട്ടിക്കണം. ഇവ തപാല്‍ മാര്‍ഗമോ ഏതെങ്കിലും വ്യക്തികളോ ബന്ധപ്പെട്ട വരണാധികാരിയുടെ പക്കല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്കു മുന്‍പ്(വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ്) എത്തിക്കണമെന്നും കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ വിനയ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു.