തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും.
വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥർ നിർബന്ധമായും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.
വോട്ടർ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർ തിരിച്ചറിയൽ രേഖ പോളിങ് ഉദ്യോഗസ്ഥനെ കാണിച്ചു ബോധ്യപ്പെടുത്തണം. വോട്ടർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. തിരിച്ചറിൽ സമയത്തു മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം.
ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു പ്രവേശനം അനുവദിക്കാം. വോട്ടെടുപ്പിനു ശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കണം.