ആലപ്പുഴ:  തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജനം വിധിയെഴുതാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബർ 7) 18 കേന്ദ്രങ്ങളിലായി നടക്കും.

കോവിഡ് പശ്ചാത്തലില്‍ ഓരോ പഞ്ചായത്തുകള്‍ക്കും വിതരണ കേന്ദ്രത്തില്‍ പ്രത്യേക സമയം അനുവദിക്കും. തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലും ക്രമീകരിച്ചിരിക്കുന്ന വിതരണ കേന്ദ്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സ്‌ക്രീനിംഗ് സംവിധാനം ഉണ്ടാകും.പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ വിതരണ കേന്ദ്രങ്ങളില്‍ നിയോഗിക്കും. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പി പിഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽനിന്ന് നൽകും.

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും രാപകല്‍ വ്യത്യാസമില്ലാത്ത അധ്വാനമാണ് ഞായറാഴ്ചയും നടന്നത്. തിരഞ്ഞെടുപ്പ് വിഭാഗം മുതല്‍ റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, ആരോഗ്യം, ആര്‍.ടി.ഒ, സാങ്കേതിക സഹായങ്ങളുമായി എന്‍.ഐ.സി തുടങ്ങി വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ചും ഏകീകരണത്തോടെയും പ്രവര്‍ത്തിച്ചുമാണ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

പോളിംഗ് വിവരങ്ങള്‍ അതത് സമയം ജനങ്ങളിലെത്തിക്കാന്‍ എന്‍ഐസിയുടെ പോള്‍ മാനേജര്‍ ആപ്പ് സഹായകരമാകും.11,355 പേരെ പോളിംഗ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. റിസര്‍വില്‍ ഉള്ള ഉദ്യോഗസ്ഥരുടെ എണ്ണം 2271.വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ്. ഡിസംബര്‍ ഏഴിന് വൈകിട്ട് 3 മണിക്ക് ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തിയാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും.

ആറ് മണിക്ക് ക്യൂവില്‍ നിലവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കും. അതുവരെ വന്ന എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമാണ് കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം. നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി കോവിഡ് രോഗികള്‍ വൈകീട്ട് അഞ്ചിനു ശേഷം ആറുമണിക്ക് മുമ്പ് പോളിങ് ബൂത്തിലെത്തേണ്ടതാണ്.കോവിഡ് രോഗികള്‍ പിപിഇ കിറ്റ് ഇട്ടാണ് പോളിങ് ബൂത്തിലെത്തേണ്ടത്. 19 സി ഫോറത്തിൽ ഡെസിഗ്നേറ്റഡ് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും കോവിഡ് രോഗി ഹാജരാക്കണം.

ജില്ലയില്‍ ആകെ 2271 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 1989 പഞ്ചായത്തുകളിലും 282 എണ്ണം നഗരസഭകളിലുമാണ്.

ജില്ലയിലെ വിതരണകേന്ദ്രങ്ങള്‍ 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് – എന്‍എസ്എസ് കോളേജ് ചേര്‍ത്തല.

2. പട്ടണക്കാട് ബ്ലോക്ക് : ടി ഡി എച്ച് എസ് തുറവൂര്‍.

3. കഞ്ഞിക്കുഴി ബ്ലോക്ക് : സെന്റ് മൈക്കിള്‍സ് കോളേജ് ചേര്‍ത്തല

4. ആര്യാട് ബ്ലോക്ക് : ഗവണ്‍മെന്റ് എച്ച്എസ്എസ് കലവൂര്‍

5. അമ്പലപ്പുഴ ബ്ലോക്ക് : ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസ് അമ്പലപ്പുഴ

6. ചമ്പക്കുളം ബ്ലോക്ക് : സെന്റ് അലോഷ്യസ് കോളേജ് എടത്വാ

7. വെളിയനാട് ബ്ലോക്ക് : സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുട്ടാര്‍

8. ചെങ്ങന്നൂര്‍ ബ്ലോക്ക് : എന്‍ജിനീയറിങ് കോളേജ് ( ഐ എച്ച് ആര്‍ ഡി ) ചെങ്ങന്നൂര്‍

9. ഹരിപ്പാട് ബ്ലോക്ക് : ടി കെ എം എം കോളേജ് നങ്ങ്യാര്‍കുളങ്ങര

10. മാവേലിക്കര ബ്ലോക്ക് : ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

11. ഭരണിക്കാവ് ബ്ലോക്ക് :
സെന്റ് ജോസഫ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പറയന്‍കുളം, ചാരുമൂട്

12. മുതുകുളം ബ്ലോക്ക് : സമാജം എച്ച്എസ്എസ്, മുതുകുളം

13. കായംകുളം നഗരസഭ: കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍

14. മാവേലിക്കര നഗരസഭ: മുന്‍സിപ്പല്‍ ഓഫീസ് ബില്‍ഡിംഗ്

15. ചെങ്ങന്നൂര്‍ നഗരസഭ: ഗവണ്‍മെന്റ് എച്ച്എസ്എസ് അങ്ങാടിക്കല്‍ സൗത്ത്, ചെങ്ങന്നൂര്‍.

16. ആലപ്പുഴ നഗരസഭ : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ

17. ചേര്‍ത്തല നഗരസഭ: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം.

18. ഹരിപ്പാട് നഗരസഭ : ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹരിപ്പാട്.