Wayanad:ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയെ മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷനുകളായി വിഭജിച്ച് ഓരോ സബ് ഡിവിഷന്റെയും മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പോലീസ് സേനാംഗങ്ങള്‍ക്ക് പുറമേ മോട്ടോര്‍ വാഹനം, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും സേനാംഗങ്ങളെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
216 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചു. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമായതിനാല്‍ ആന്റി നക്‌സല്‍ ഫോഴ്‌സിലെ സേനാംഗങ്ങളെ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ്/ വീഡിയോഗ്രഫി ഉള്ള 152 ബൂത്തുകള്‍ ഉള്‍പ്പെടെ 222 ബൂത്തുകളിലും ഫോറസ്റ്റിനോട് ചേര്‍ന്നുള്ള മൂന്ന് ബൂത്തുകളിലും കൂടുതല്‍ പോലീസ് ജീവനക്കാരെ വിന്യസിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും, ജില്ലാ ആസ്ഥാനത്തും, സബ് ഡിവിഷന്‍ ആസ്ഥാനത്തും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇലക്ഷന്‍ സുരക്ഷയ്ക്കായി 174 വാഹനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലും അര മണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലാണ് പട്രോളിങ് ക്രമീകരിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്തേക്ക് നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്‌ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായും പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, വിവരങ്ങള്‍ അറിയിക്കുന്നതിനുമായി 9497980833, 94936202527 എന്നീ നമ്പരുകളിലും 100, 112 എന്ന ടോള്‍ ഫ്രീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.