പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ആറാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. ഡിസംബര്‍ ഏഴു മുതല്‍ www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

റെഗുലര്‍ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സര്‍ക്കാര്‍ ജോലിക്ക് യോഗ്യതയായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ച കോഴ്സാണിത്.ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂര്‍ത്തിയാക്കാം. വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി ഓണ്‍ലൈന്‍/ഓഫ്ലൈന്‍ തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ മോഡില്‍ ഫീസ് അടച്ചവര്‍ ഒന്നാം ഘട്ടത്തിലും ഓഫ്ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

ഓഫ്ലൈന്‍ മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെലാന്‍ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസില്‍ ഫീസ് അടച്ച ശേഷം ഫീസ് അടച്ച തിയതി, പോസ്റ്റാഫീസിന്റെ പേര്, ഫീസ് അടയ്ക്കുമ്പോള്‍ പോസ്റ്റാഫീസില്‍ നിന്നും ലഭിക്കുന്ന രസീതിലെ ഇന്‍വോയിസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കണ്‍ഫേം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം.

കോഴ്സ് കാലാവധി ആറുമാസം (ആകെ 240 മണിക്കൂര്‍) ആണ്. 5300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. പിഴ കൂടാതെ ഡിസംബര്‍ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടു വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗം എത്തിക്കണം. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും, കൈപുസ്തകത്തിനും സ്‌കോള്‍-കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2342950, 2342271.