എറണാകുളം : കോവിഡ് കാലത്ത് എത്തിയ തിരഞ്ഞെടുപ്പിൽ രോഗവ്യാപനം കൂടുതൽ വർധിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ആരോഗ്യ വകുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും. വോട്ട് രേഖപ്പെടുത്താനായി വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ തിരികെയെത്തുന്നത് വരെ കോവിഡിന് എതിരെ സ്വയം പ്രതിരോധം തീർക്കാൻ ആവശ്യമായ നിർദേശങ്ങൾ ആണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെക്കുന്നത്.
പോളിങ് ബൂത്തിൽ പ്രവേശിക്കുന്നതിന് മുൻപായി പോളിങ് അസിസ്റ്റന്റ് നൽകുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കണം.വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.
വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.
പോളിങ് കേന്ദ്രങ്ങളിൽ കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകാതിരിക്കുക. വോട്ട് ചെയ്യാനായി കാത്തു നിൽക്കുമ്പോളും പരിചയക്കാരോട് സംസാരിക്കുമ്പോളും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം. പോളിങ് കേന്ദ്രത്തിനു സമീപം കൂട്ടം കൂടി നില്‍ക്കരുത്.
ഒരാള്‍ക്കും ഷേക്ക്ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും, സന്ദർശനങ്ങളും ഒഴിവാക്കുക. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിന് പുറത്തേയ്ക്ക് പോകുമ്പോൾ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി കുളിച്ച് വൃത്തിയായതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകാൻ പാടുള്ളു.കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും , കൈകള്‍ ഇടയ്ക്കിടെ സാനിറ്റെസ് ചെയ്യുകയും ചെയ്യണം.