കണ്ണൂർ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പുഴാതി കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പൊലിസ് സുരക്ഷയോടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്കാണ് മാറ്റുന്നത്.

കല്യാശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി ബ്ലോക്കുകളിലേക്കായി 1640 കണ്‍ട്രോള്‍ യൂനിറ്റുകളും 4920 ബാലറ്റ് യൂനിറ്റുകളും ഇന്നലെ (ഡിസംബര്‍ 8) എത്തിച്ചു. കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള 1345 കണ്‍ട്രോള്‍ യൂനിറ്റുകളും 2771 ബാലറ്റ് യൂനിറ്റുകളും ബുധനാഴ്ച സ്‌ട്രോംഗ് റൂമുകളിലെത്തിക്കും.

ഡിസംബര്‍ 10,11 തീയതികളില്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തിയ ശേഷം 13നാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇവ വിതരണം ചെയ്യുക.

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച പുഴാതി കമ്മ്യൂണിറ്റി ഹാള്‍ സന്ദര്‍ശിച്ച ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഒരുക്കങ്ങള്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും വിതരണത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.