പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ  വിതരണം നാളെ (ഡിസംബര്‍ 9)  രാവിലെ  എട്ട് മുതല്‍ നടക്കും. പൂര്‍ണമായും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചാവും വിതരണം.  പോളിംഗ് സാമഗ്രികള്‍ വോട്ടെടുപ്പിനുശേഷം തിരികെ  സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും.  പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലാണ് വിതരണ – സ്വീകരണകേന്ദ്രങ്ങള്‍ സജ്ജമാക്കിയത്.   മുന്‍സിപ്പാലിറ്റികള്‍ക്ക് അതത് സ്ഥാപനങ്ങളിലാണ് വിതരണം നടക്കുക.

വിതരണത്തിനും തിരികെ വാങ്ങുന്നതിനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

പോളിംഗ് ഉദ്യോഗസ്ഥര്‍ നിശ്ചിത സമയത്ത് തങ്ങളുടെ വിതരണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളില്‍ എത്താന്‍ ഉദ്യാഗസ്ഥര്‍  നിയോഗിക്കപ്പെട്ട വാഹനത്തില്‍ കയറണം.പോളിംഗ് സാധനങ്ങളുടെ പായ്ക്കറ്റ് ( കിറ്റ്) മേല്‍ വിവരിച്ച പ്രകാരം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വാഹനത്തില്‍ സജ്ജമാക്കണം.

പോളിംഗ് ഉദ്യോഗസ്ഥരെ പോളിംഗ് സാമഗ്രികളുമായി നിശ്ചിത വാഹനങ്ങളില്‍ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കും.വോട്ടെടുപ്പിന് ശേഷം അപ്രകാരം തന്നെ തിരികെ സ്വീകരണകേന്ദ്രങ്ങളിലും എത്തിക്കും.