ജില്ലയിലെ എല്ലാ പാടങ്ങളിലും ഒരേസമയം വിത്തിറക്കാന്‍ ശ്രമിച്ചാല്‍ ജലസേചനം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ്ബാബു പറഞ്ഞു. പാടശേഖരസമിതികള്‍ കൂടിയാലോചിച്ച് സഹകരണത്തോടെ വിത്തിറക്കിയാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൃഷി വകുപ്പിനും ജലസേചന വകുപ്പിനും സാധിക്കും.ഇതുവഴി ഒറ്റപ്പെട്ട പാടങ്ങളിലെ ജലലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് കൃഷി വരണ്ടുണങ്ങുത് തടയാനാകും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.
മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ രണ്ട് സ്റ്റാളുകളാണ് ഒരുക്കുന്നത്.മൈക്രോ ഇറിഗേഷന്റെ പ്രയോഗരീതി, ഉപയോഗം എന്നിവയുടെ ബോധവത്ക്കരണത്തിനായി പ്രത്യേക പ്രദര്‍ശനം നടത്തും.ജില്ലയിലെ ജലദൗര്‍ലഭ്യം പരിഗണിച്ച് വളരെകുറച്ച് മാത്രം വെള്ളം ആവശ്യമായി വരുന്ന ഈ ജലസേചന രീതി പിന്തുടരേണ്ടത് അത്യാവശ്യമാണെ് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു
ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് കിണര്‍-കുളം നിര്‍മാണം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വിശദമായ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.ഭൂഗര്‍ഭജല നിരപ്പ് ശാസ്ത്രീയമായി പരിശോധിച്ച ശേഷം മാത്രം കിണറുകളും കുളങ്ങളും അനുവദിക്കുന്ന സാഹചര്യം നിലവില്‍ വരണം. ശാസ്ത്രീയ പരിശോധന നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്ന പദ്ധതി രൂപീകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ കൊല്ലം ജില്ലയില്‍ നിന്നാണ് ഇതിനു വേണ്ട യന്ത്രങ്ങള്‍ എത്തിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഹരിതകേരളം മിഷനുകീഴില്‍ ഉപമിഷനുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തികളുടെ പദ്ധതിരേഖ സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പല്‍നിങ് ഓഫീസര്‍ ഡോ.എം.സുരേഷ് കുമാര്‍ ,ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാകൃഷ്ണന്‍,ഉപമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.