ഡിസംബർ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. വോട്ടെടുപ്പിൽ ഈ പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഡിസംബർ 14 ന് ഈ പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.
സസ്‌പെൻഡ് ചെയ്തു
ഡിസംബർ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ നാലാം നമ്പർ വാർഡിലെ കുളശ്ശേരി ഒന്നാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഉദ്യോഗസ്ഥയായിരുന്ന കെ.സരസ്വതിയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.