സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. 79.1 ശതമാനം വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2,533,025 വോട്ടര്‍മാരില്‍ 2004137 പേരാണ് വോട്ടു ചെയ്തത്. 12,08,545 പുരുഷ വോട്ടര്‍മാരില്‍ 949128 പേര്‍ വോട്ടു ചെയ്തു (78.47 ശതമാനം). 13,24,449 സ്ത്രീ വോട്ടര്‍മാരില്‍ 1055129 പേരും വോട്ട് രേഖപ്പെടുത്തി (79.66 ശതമാനം). ഏഴു ട്രാന്‍സ്‌ജെന്‍ഡര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 24 പേരാണ് ആകെ ഉണ്ടായിരുന്നത്. 5985 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടിയത്.

 

നഗരസഭകളില്‍ രാമനാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ വോട്ടു ചെയ്തത്. 81.91 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ് വോട്ടിംഗ് ശതമാനം കൂടുതലുള്ളത് (83.32 ശതമാനം).നാളെയാണ് വോട്ടെണ്ണല്‍ നടക്കുക.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കായി നീക്കിവച്ചിരുന്നു. പരമാവധി കോവിഡ് രോഗികളെ പോളിങ്ങില്‍ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകളാണ് സജ്ജമാക്കിയത്. ആകെ 2,987 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഭിന്നശേഷി സൗഹൃദമാക്കിയാണ് ഓരോ പോളിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിച്ചത്. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധം വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ സജ്ജീകരിച്ചു. ഹരിത ചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കി. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 1951 വാഹനങ്ങളാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സജ്ജമാക്കിയിരുന്നു.

കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.കിറ്റ്, സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നേരത്തെ ജില്ലയില്‍ വിതരണം ചെയ്തിരുന്നു. ജില്ലയില്‍ 17303 പോളിംഗ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വ്വഹിച്ചത്. 14935 ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കു പുറമെ 400 പേരടങ്ങിയ സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരും വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.