ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സജ്ജമായി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി 18 കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഓരോ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ നടക്കുക.വോട്ടെണ്ണലിനു മുൻപ് എല്ലാ കേന്ദ്രങ്ങളും അണുവിമുക്തമാക്കും.കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിർബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.ഇതിനായുള്ള സജ്ജീകരണങ്ങൾ ജില്ല ഭരണകൂടം ഒരുക്കി കഴിഞ്ഞു.

അതത് നഗരസഭകളിലും ബ്ലോക്ക് അടിസ്ഥാനത്തിലുമാണ് കൗണ്ടിങ് സെന്ററുകൾ സജ്ജീകരിച്ചിട്ടുള്ളത്. വാർഡ് അടിസ്ഥാനത്തിൽ ഒരു പഞ്ചായത്തിന് 4 കൗണ്ടിംഗ് ടേബിൾ എന്ന നിലയ്ക്കാണ് ടേബിളുകൾ സജ്ജീകരിക്കുക, ഒന്നിൽ കൂടുതൽ ബൂത്തുകളുള്ള വാർഡുകളുടെ വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ നടക്കും. ഓരോ ടേബിളുകളിലും 1 കൗണ്ടിങ്ങ് സൂപ്പർവൈസറായും,3 കൗണ്ടിങ് അസിസ്റ്റന്റുമാരായും ഉദ്യോഗസ്ഥരെ നിയമിക്കും.

ഓരോ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾക്കും ഒരു കൗണ്ടിങ് ഏജന്റിനെ വീതം നിയമിക്കാം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർക്ക് അതത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഓരോ കൗണ്ടിംഗ് ഏജൻറിനെ വീതം നിയമിക്കാം. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർക്ക് അതത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന ഓരോ ഗ്രാമപഞ്ചായത്തുകളിലേക്കും ഓരോ കൗണ്ടിംഗ് ഏജൻറിനെ വീതം നിയമിക്കാം.

പോസ്റ്റൽ വോട്ടുകൾ അതത് കൗണ്ടിങ്ങ് ടേബിളുകളിൽ തന്നെ എണ്ണും.
ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് എണ്ണുന്നത്.കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ കർശനമായും പാലിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍ നടത്തുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും, സന്ദർശകരേയും അനുവദിക്കില്ല. വോട്ടെണ്ണൽ പൂർത്തിയായാൽ വോട്ടിങ് മെഷീനുകൾ ജില്ല കളക്ട്രേറ്റിലെ ഇലക്ഷൻ വെയർ ഹൌസിലേക്ക് മാറ്റും.