സംസ്ഥാനത്ത് ഡിസംബർ 14 ന് (14.12.2020) നടന്ന അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 78.64 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാല് ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 32,87,029 പുരുഷൻമാരും 32,87,029 സ്ത്രീകളും 16 ട്രാൻസ്‌ജെന്റേഴ്‌സുമുൾപ്പെടെ 70,27,534 പേർ വോട്ട് രേഖപ്പെടുത്തി.

മലപ്പുറം- 78.87 , കോഴിക്കോട് – 79.00 ,കണ്ണൂർ- 78.57 , കാസർഗോഡ് – 77.14 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. കോഴിക്കോട് കോർപ്പറേഷനിൽ 70.29 ശതമാനവും, കണ്ണൂർ കോർപ്പറേഷനിൽ 71.65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

തിരഞ്ഞെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ ഒരുക്കം പൂർണ്ണം

മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ പറഞ്ഞു. നാളെ ( ഡിസംബർ16) നടക്കുന്ന വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

244 കേന്ദ്രങ്ങൡലായി കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടെണ്ണൽ നടത്തുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോർപ്പറേഷൻ എന്നിവയിൽ സ്ഥാനാർത്ഥികൾക്ക് തിരെഞ്ഞടുപ്പ് ഏജന്റിന് പുറമെ ഒരോ കൗണ്ടിംഗ് ഏജന്റുമാരെക്കൂടി വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്തിനും ഒരു കൗണ്ടിംഗ് ഏജന്റിനെ ഇതിനായി ചുമതലപ്പെടുത്താം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക.

വേെട്ടണ്ണൽ വിവരം തത്സമയം ‘ട്രെൻഡ്’ വെബ് സൈറ്റിലൂടെ പൊതുജനങ്ങൾക്ക് കാണാനാകും. വോട്ടെണ്ണൽ ദിവസം ഉച്ചയോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ന് നടത്തും. അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടേയും തിരഞ്ഞെടുപ്പ് തിയതി ഉടൻ നിശ്ചയിച്ച് നൽകുമെന്നും കമ്മീഷൻ പറഞ്ഞു.

കിഴക്കമ്പലം പഞ്ചായത്തിലെ സംഘർഷം; റിപ്പോർട്ട് സമർപ്പിച്ചു
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവർക്കെതിരെ കേരള എപ്പിഡമിക് ഓർഡിനൻസ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.