തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ജാഗ്രതാസമിതി നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവു വരുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ നിരീക്ഷിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്തീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. കുട്ടികള്‍ പോലും ലൈംഗികചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്ന ഈ കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തേണ്ടത് ആവശ്യമാണ്. ദമ്പതിമാര്‍ തമ്മിലുള്ള കലഹത്തിനപ്പുറം സഹോദരങ്ങള്‍ തമ്മിലും മാതാപിതാക്ക•ാരും കുട്ടികളും തമ്മിലും മറ്റു കുടുംബാംഗങ്ങള്‍ തമ്മിലുമുള്ള കലഹത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

പുതുപ്പള്ളിയില്‍ മുത്തശ്ശന്‍ പേരക്കുട്ടിക്കെതിരെ മോഷണക്കുറ്റം ആരോപിച്ചു കൊണ്ടുളള പരാതിയും അദാലത്തില്‍ എത്തി. ചങ്ങനാശ്ശേരിയില്‍ സഹോദരന്‍ സഹോദരിക്കെതിരെ കൊടുത്ത സ്വത്ത സംബന്ധമായ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ആകെ 80 പരാതികള്‍ പരിഗണിച്ചതില്‍ 22 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. ഒന്‍പത് കേസുകള്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അടുത്ത അദാലത്ത് ഏപ്രില്‍ 25ന് നടത്തും. 49 കേസുകളാണ് ഇതില്‍ പരിഗണിക്കുക. വനിതാ കമ്മീഷന്‍ എസ്. ഐ. എല്‍ രമ, വനിതാ സെല്‍ എസ്.ഐ. അനിലാ കുമാരി, അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ. തങ്ക, അഡ്വ. സി.എ. ജോസ് എന്നിവര്‍ പങ്കെടുത്തു.