കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിനുശേഷമുള്ള തുടര്‍നടപടികള്‍.

ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുക. മുനിസിപ്പാലിറ്റികളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ 13ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിയോഗിക്കപ്പെട്ട വരണാധികാരികളാണ് സത്യപ്രജ്ഞയ്ക്ക് നേതൃത്വം നല്‍കുക.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കണ്ടെത്തുകയും നിശ്ചയിക്കപ്പെട്ട രീതിയില്‍ പ്രതിജ്ഞ എടുക്കുന്നതിന് ഹാജരാകാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഡിസംബര്‍ 21ന് രാവിലെ 10 നാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്കായി ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്‍റ് ഡെവലപ്‌മെന്‍റ് കമ്മീഷണറും മുനിസിപ്പാലിറ്റികളില്‍ അതത് മുനിസിപ്പല്‍ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറും
ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുള്ള മേല്‍നോട്ടം ജില്ലാ കളക്ടര്‍ക്കാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നിശ്ചിത ദിവസം പ്രതിജ്ഞയെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നല്‍കും.

സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങള്‍ സത്യപ്രതിജ്ഞാ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പുവയ്കും. ഇത് വരണാധികാരികള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം രജിസ്റ്ററുകള്‍ അതത് തദ്ദേശ സ്ഥാപനത്തില്‍ സൂക്ഷിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്‍റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ പ്രസിഡന്‍റ് / ചെയര്‍മാന്‍, വൈസ് പ്രസിഡന്‍റ് /വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ് വായിക്കും.