കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായുള്ള   മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശാ) യോഗം നടന്നു.  എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ആദ്യ പാദ യോഗത്തില്‍ ദിശ ചെയര്‍മാന്‍ കെ.വി. തോമസ് എം.പി. അദ്ധ്യക്ഷനായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന തുടങ്ങി വിവിധ വകുപ്പുകള്‍ മുഖേന  നടപ്പാക്കുന്ന  26 ലധികം പദ്ധതികളെ സംബന്ധിച്ച്  അവലോകനവും ചര്‍ച്ചകളും നടന്നു.
പ്രധാന്‍മന്ത്രി ആവാസ് യോജ്‌ന (പി.എം.എ.വൈ) പദ്ധതിയില്‍ നൂറ് ശതമാനം വീടുകളും പൂര്‍ത്തിയാക്കി ജില്ലയില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതെത്തി.  പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുകയും  രണ്ടാം ഘട്ട റോഡു നിര്‍മാണത്തിന്റെ 75 ശതമാനവും പൂര്‍ത്തീകരിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
കൊച്ചി കോര്‍പറേഷന്‍ വാതുരുത്തി കോളനിയിലെ 24 കമ്മ്യൂണിറ്റി ശുചിമുറികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതായി സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ഇതിനായി 940,000 രൂപയാണ് ചില വഴിച്ചത്. ഗ്രാമീണ മേഖലയില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായുള്ള നാഷണല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോഗ്രാം (എന്‍.ആര്‍.ഡി.ഡബ്‌ളിയു പി) പദ്ധതിയില്‍ ജില്ലയില്‍ അനുവദിച്ച മുഴുവന്‍ തുകയും ചിലവഴിച്ചു.
ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 40  പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് നഗരസഭയുടെ നിര്‍ദ്ദേശത്തോടെയുള്ള നടപടികള്‍ നടന്നുവരികയാണ്.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ കെ.വി. തോമസ് എം.പി. യോഗത്തില്‍ അഭിനന്ദിച്ചു. മുന്‍സിപാലിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി, പി.എ.യു പ്രോജക്റ്റ് ഡയറക്റ്റര്‍ കെ.ജി. തിലകന്‍, അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍ എസ്. ശ്യാമലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.