* പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ 
* ഹിന്ദി, ബംഗാളി ഭാഷകളില്‍ ആശയവിനിമയം

തലസ്ഥാന ജില്ലയില്‍ തൊഴില്‍ ചെയ്യുന്നവരും പുതുതായി ജോലി തേടിയെത്തുന്നവരുമായ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന തൊഴില്‍ വകുപ്പിന്റെ ഫെസിലിറ്റേഷന്‍ സെന്റര്‍ ശ്രദ്ധേയമാകുന്നു.  തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ദിവസേന നൂറു കണക്കിന് അതിഥി തൊഴിലാളികളാണ് സഹായം തേടിയെത്തുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കെ. ദിലീപ് കുമാര്‍ പറഞ്ഞു.  രാവിലെ എട്ടു മുതല്‍ രാത്രി എട്ടു മണി വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഹിന്ദി, ബംഗാളി ഭാഷകളിലാണ് നിലവില്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്.  മറ്റു ഭാഷകളില്‍ കൂടി താമസിയാതെ സേവനം ലഭ്യമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയും അതിഥി തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്തു.  പദ്ധതി പ്രകാരം ഒരു തൊഴിലാളിക്കും കുടുംബത്തിനുമായി 15,000 രൂപ ചികിത്സാസഹായം ലഭിക്കും.  തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കും.  കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 3,51,000 രൂപയുടെ സഹായം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയതായും ലേബര്‍ ഓഫീസര്‍ പറഞ്ഞു.

മരംകയറ്റ തെഴിലാളി പെന്‍ഷന്‍ തുക കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.  പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 81 ഗുണഭോക്താക്കള്‍ക്കായി 9,66,000 രൂപ നല്‍കി.  കൂടാതെ മരംകയറ്റതൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം പോയവര്‍ഷം 24 ഗുണഭോക്താക്കള്‍ക്കായി 17,50,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്.

ഇതിനുപുറമേ ജില്ലയിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ 44 തൊഴിലാളികള്‍ക്കായി 3,28,000 രൂപയും പൂട്ടികിടക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ 1210 തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ധനസഹായമായി 24,20,000 രൂപയും നല്‍കി.  വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 ബോര്‍ഡുകള്‍ വഴിയും സഹായം വിതരണം ചെയ്തുവരുന്നുണ്ട്.  സംസ്ഥാന തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രതേ്യക നിര്‍ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തിവരുന്നതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.