കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ട്രിപ്പിള്‍ സിറോ ക്യാമ്പയിന്‍ (സീറോ ഇന്‍ഫെക്ഷന്‍, സീറോ ട്രാന്‍സ്മിഷന്‍, സീറോ ഡെത്ത്) വിജയിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രോഗബാധ, രോഗവ്യാപനം, രോഗം മൂലമുള്ള മരണം എന്നിവ പൂജ്യത്തിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രക്രിയ കോവിഡ്  നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയെങ്കിലും ഇതിന്റെ ഭാഗമായ പോളിംഗ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകവര്‍, മറ്റു ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍,  അന്യസംസ്ഥാന തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പോസിറ്റീവ് ആയവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍,  പൊതുജനങ്ങള്‍ തുടങ്ങി ജില്ലയിലെ സമസ്ത മേഖലയില്‍ ഉള്ളവരിലും  ക്യാമ്പയിന്റെ  ഭാഗമായി  കോവിഡ് പരിശോധന നടത്തും.

അടുത്ത ഒരാഴ്ചയില്‍ എല്ലാവരും സ്വമേധയാ തിരഞ്ഞെടുക്കപ്പെട്ട പരിശോധനാ കേന്ദ്രങ്ങളില്‍ എത്തി പരിശോധന നടത്തണം. രോഗബാധയുള്ളവര്‍  ചികിത്സയില്‍ പ്രവേശിക്കുകയും സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റയിനില്‍ പോവുകയും ചെയ്താല്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ലക്ഷ്യം നേടാന്‍ കഴിയും. ഇതിനായി കോവിഡ് ആശുപത്രികളും സി എഫ് എല്‍  ടി സി കളും പൂര്‍ണ സജ്ജമാണ്.

കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റീവ് കേസുകളില്‍നിന്ന് രോഗ പകര്‍ച്ചയുടെ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍  ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ എന്നിവയില്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും  ആരോഗ്യവകുപ്പിന്റെ  നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.