ജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഓരോ നഗരസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തിന് വരണാധികാരികള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

വര്‍ക്കല നഗരസഭാ അങ്കണത്തില്‍നടന്ന ചടങ്ങില്‍ 33 അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വരണാധികാരിയായ റവന്യു റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.മോഹനകുമാര്‍ മുതിര്‍ന്ന അംഗമായ എന്‍.അശോകന് സത്യവാചകം ചൊല്ലികൊടുത്തു. ആറ്റിങ്ങല്‍ നഗരസഭയില്‍ 31 അംഗങ്ങളാണ് അധികാരമേറ്റത്. നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ് മുതിര്‍ന്ന അംഗമായ ജി.തുളസിധരന്‍ പിള്ളയ്ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
നെടുമങ്ങാട് നഗരസഭാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ 39 അംഗങ്ങള്‍ അധികാരമേറ്റു. മുതിര്‍ന്ന അംഗമായ പരിയാരം. എസ്. രവീന്ദ്രന് വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബീന സുകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നെയ്യാറ്റിന്‍കര നഗരസഭയില്‍ 44 ജനപ്രതിനിധികളാണ് പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി നെയ്യാറ്റിന്‍കര റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വി.പ്രകാശ് മുതിര്‍ന്ന അംഗമായ മൂന്നുകല്ലിന്‍മൂട് വാര്‍ഡ് ജനപ്രതിനിധി പി.കെ.രാജമോഹനന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.