ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തിലെ പുതിയ 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗമായ വെളിയനാട് ഡിവിഷനിലെ എം വി പ്രിയ ടീച്ചര്‍ക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗമായ പ്രിയ ടീച്ചറാണ് പിന്നീട് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രതിനിധികളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളിലാണ് സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, എ.ഡി.എം.ജെ.മോബി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടികളക്ടര്‍ പി. എസ്. സ്വര്‍ണമ്മ, ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായി.
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗമായ എം വി പ്രിയ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.

നഗരസഭകള്‍

ആലപ്പുഴ മുനിസിപ്പാലിറ്റിയിലേക്ക് 52 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പൂന്തോപ്പ് വാര്‍ഡ് അംഗമായ മെഹബൂബ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുനിസിപ്പാലിറ്റിയുടെ ചുമതലയുള്ള ചുമതലയുള്ള വരണാധികാരിയായ സബ് കളക്ടര്‍ എസ്.ഇലക്യ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍,ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി കെ കെ മനോജ്, മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ എന്നിവര്‍ സന്നിഹിതരായി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗമായ മെഹബൂബിന്റെ അദ്ധ്യക്ഷതയില്‍ അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.

കായംകുളം നഗരസഭ ഭരണ സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍ വിനോദ് മുതിര്‍ന്ന കൗണ്‍സില്‍ അംഗമായ പിസി റോയിക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ വാചകം ഏറ്റുചൊല്ലി.

ചേര്‍ത്തല നഗരസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 35 വാര്‍ഡുകളിലില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ബി. വിനു വാര്‍ഡ് 27 ( ഇടത്തില്‍ ) ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഏലിക്കുട്ടി ജോണിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് ബാക്കിയുള്ള 34 അംഗങ്ങള്‍ക്ക് ഏലിക്കുട്ടി ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഹരിപ്പാട് നഗരസഭയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗമായ എസ്. രാധാമണിയമ്മയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭയുടെ ചുമതലയുള്ള വരണാധികാരി അനുപമ അറുമുഖന്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള നഗരസഭാഗംങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെ 29 നഗരസഭ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരില്‍ 10 പേര്‍ ദൃഡപ്രതിജ്ഞയും മറ്റുള്ളവര്‍ ദൈവനാമത്തിലുമാണ് പ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ ആദ്ധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗവും ചേര്‍ന്നു.

മാവേലിക്കര നഗരസഭയിലെ മുതിര്‍ന്ന അംഗമായ കെ.വി.ശ്രീകുമാറിന് വരണാധികാരിയായ രഞ്ജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ശ്രീകുമാര്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം നഗരസഭയിലെ ആദ്യ കൗണ്‍സില്‍ യോഗവും നടന്നു.

ചെങ്ങന്നൂര്‍ നഗരസഭയിലെ 27 ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ തിട്ടമേല്‍ ഡിവിഷനില്‍ നിന്നുള്ള അംഗമായ തോമസ് വര്‍ഗീസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്കിന്റെ ചുമതലയുള്ള വരണാധികാരിയായ ജി.ഉഷാ കുമാരി മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ബ്ലോക്കുകള്‍

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളില്‍ നിന്നായുള്ള അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി ഷിന്‍സിന്റെ അഭാവത്തില്‍ ഉപ വരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ രജിത്ത് ആണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. ബ്ലോക്ക് പഞ്ചായത്ത് ഏഴാം ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ ശരവണനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബാക്കിയുള്ള 12 ഡിവിഷനുകളിലെയും ജനപ്രതിനിധികള്‍ക്ക് ശരവണന്‍ സത്യവാചകം ചൊല്ലി കൊടുത്തു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുത്ത 13 ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ അബ്ദുല്‍സലാം കണിച്ചുകുളങ്ങര ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം വിജി മോഹനന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബാക്കിയുള്ള 12 ജന പ്രതിനിധികള്‍ക്ക് മോഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപ വരണാധികാരിയായ ബ്ലോക്ക് സെക്രട്ടറി കെ എ തോമസും ചടങ്ങില്‍ പങ്കെടുത്തു.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് 13 ഡിവിഷനുകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ കരുവാറ്റ തെക്ക് ഡിവിഷന്‍ അംഗമായ രുഗ്മിണി രാജുവാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബ്ലോക്കിന്റെ ചുമതലയുള്ള വരണാധികാരിയായ സജീവ് കുമാര്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗമായ രുഗ്മിണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 13 ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പാണ്ടനാട് ഡിവിഷനില്‍ നിന്നുള്ള അംഗമായ എല്‍സി കോശിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബ്ലോക്കിന്റെ ചുമതലയുള്ള വരണാധികാരിയായ പി. വിശ്വംഭരന്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വരണാധികാരി ജില്ലാ സപ്ലൈ ഓഫീസര്‍ എം എസ് ബീന ഏറ്റവും പ്രായം കൂടിയ അംഗമായ വെളിയനാട് ഡിവിഷനിലെ വി എം വിശ്വംഭരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗമായ വി എം വിശ്വംഭരനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ബി ഡി ഓ ജെ ആര്‍ ലാല്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വരണാധികാരി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ഐ നസീം ഏറ്റവും പ്രായം കൂടിയ അംഗമായ വണ്ടാനം ഡിവിഷനിലെ വി ആര്‍ അശോകന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗമായ വി ആര്‍ അശോകനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ബി ഡി ഓ വി ജെ ജോസഫ് എന്നിവര്‍ സന്നിഹിതരായി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗമായ വി ആര്‍ അശോകന്റെ അദ്ധ്യക്ഷതയില്‍ അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. 13 ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഭരണിക്കാവ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ശ്യാമള ദേവിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബ്ലോക്കിന്റെ ചുമതലയുള്ള വരണാധികാരിയായ ഉഷ. എസ് മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടേണിംഗ് ഓഫീസര്‍ കോ-ഓപ്പറേറ്റീവ് ജോയിന്‍ രജിസ്ട്രാര് പ്രവീണ്‍ ദാസാണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശോഭനകുമാരിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബാക്കിയുള്ള 12 ഡിവിഷനുകളിലെയും ജനപ്രതിനിധികള്‍ക്ക് ശോഭനകുമാരി സത്യവാചകം ചൊല്ലി കൊടുത്തു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 14 ഡിവിഷനുകളില്‍ നിന്നായി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഐ രാജീവ് വയലാര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ്. വി ബാബുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബാക്കിയുള്ള 13 ജനപ്രതിനിധികള്‍ക്ക് എസ്. വി ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി ബെഞ്ചമിന്‍, സമിതിയിലെ മുതിര്‍ന്ന അംഗമായ നടുഭാഗം ഡിവിഷന്‍ പ്രതിനിധി ജയശ്രീ വേണുഗോപാലിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ മുതിര്‍ന്ന അംഗത്തില്‍ നിന്ന് സത്യപ്രതിജ്ഞ വാചകം ഏറ്റുചൊല്ലി.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് 13 ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ചെന്നിത്തല ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സുകുമാരി തങ്കച്ചനാണ് ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത്. ബ്ലോക്ക് വരണാധികാരിയായ അജിത്ത് സാം ജോസഫ് മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ മുതിര്‍ന്ന അംഗത്തില്‍ നിന്നും സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ബ്ലോക്ക് അംഗങ്ങളുടെ പ്രഥമ യോഗവും നടന്നു.

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.