കാസർഗോഡ്: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന് കാസര്‍കോട് സിവില്‍ സ്റ്റേഷന് വളപ്പില്‍ പുതുതായി നിര്‍മ്മിച്ച ഇവിഎം, വിവിപാറ്റ് വെയര്‍ ഹൗസ് കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 2019 ഒക്ടോബര്‍ രണ്ടിന് തറക്കല്ലിട്ട് 14 മാസം കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.
1.8 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കളക്ടറേറ്റിന്റെ പിറക് വശത്ത് ഇരുനിലകളിലായി നിര്‍മ്മിച്ച വെയര്‍ ഹൗസില്‍ ഇവിഎം, വിവിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാവും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സാമഗ്രികള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ആദ്യഘട്ട പരിശോധന നടത്താന്‍ മുകള്‍നിലയിലെ ഹാളില്‍ സംവിധാനമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയില്‍നിന്ന് എത്തിക്കുന്ന ഇവിഎം ഇവിടെ സൂക്ഷിക്കും. ചടങ്ങില്‍ കെട്ടിടത്തിന്റെ ശിലാഫലകം ജില്ലാ കളക്ടര്‍ അനാച്ഛാദനം ചെയ്തു.
എഡിഎം എന്‍. ദേവീദാസന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എകെ രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ ആഞ്ജനേയന് എന്നിവര്‍ സംസാരിച്ചു.
