എറണാകുളം: 40 ദിവസം കൊച്ചി കോർപറേഷൻ്റെ സാരഥിയായി ചുമതല നിർവഹിച്ച കളക്ടർ എസ്.സു ഹാസ് പൂർത്തിയാക്കിയത് 31 പദ്ധതികൾ. അടിസ്ഥാന സൗകര്യ പദ്ധതികളാണ് കളക്ടറുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്.
പൂർത്തിയാക്കിയ പദ്ധതികളിൽ ഏറ്റവും പ്രധാനമായത് 61-ാം ഡിവിഷനിലെ ഹോസ്പിറ്റൽ റോഡ് ടാർ ചെയ്തതാണ്. കൂടാതെ ഡിവിഷൻ 32 ലെ എസ്.എസ്.കെ.എസ് റോഡ്, പോപുലർ റോഡ് എന്നിവിടങ്ങളിലെ അഴുക്കുചാൽ നിർമ്മാണവും ടാറിങ്ങ് ജോലികളും പൂർത്തിയാക്കി. ഡിവിഷൻ ഒന്നിലെ സെൻ്റ് ജോർജ് റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. പള്ളുരുത്തി, ഇടപ്പള്ളി, വൈറ്റില സോണുകളിലെ റോഡുകളുടെ പുനർനിർമ്മാണവും കളക്ടറുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തി.
വരുമാന മേഖലയിൽ നികുതിയിനത്തിൽ 4.25 കോടി രൂപയുടെ വരുമാനവും നഗരസഭക്കു ലഭിച്ചു. സ്വത്തു നികുതിയായി 3.47 കോടി രൂപയും, തൊഴിൽ നികുതിയായി 48 ലക്ഷം രൂപയും വാടക ഇനത്തിൽ 29 ലക്ഷം രൂപയുമാണ് നേടിയത്.
ഭരണ നിർവഹണത്തിൽ പുതിയ കൗൺസിലിനു വേണ്ടി മൊബൈൽ ആപ്ലിക്കേഷനും തയാറാക്കി നൽകി. ശുചിമുറിമാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും പൂർത്തിയാക്കി.
കൗൺസിൽ കാലാവധി പൂർത്തിയായ നവം 12 നാണ് കളക്ടറുടെ നേതൃത്വത്തിലുള്ള ഭരണ നിർവഹണ സമിതി കോർപറേഷൻ ഭരണം ഏറ്റെടുത്തത്.