ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ കുന്നത്തൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍  120 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന സമാശ്വാസം 2018-19 പരിപാടിയില്‍ ആകെ 326 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഇവയില്‍ 145 എണ്ണം റവന്യു സംബന്ധമായവയും 115 പരാതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. അദാലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി.
ഇടയ്ക്കാട് കോളനിയിലെ 200 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി അതിവേഗത്തിലാക്കാന്‍ ഇതു സംബന്ധിച്ച പരാതിയി•േല്‍ നിര്‍ദേശം നല്‍കി.
ശാസ്താംകോട്ടയിലെ പഴയ പോലീസ് സ്റ്റേഷന്‍ പരിസരത്തെ ഗതാഗത തടസം പരിഹരിക്കണമെന്ന ദീര്‍ഘനാളായുള്ള ആവശ്യത്തിന് പരിപാടിയില്‍ തീര്‍പ്പായി. ഒന്നാം വാര്‍ഡ് അംഗം ദിലീപാണ് വിഷയം അവതരിപ്പിച്ചത്. പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡരുകില്‍ കിടക്കുന്നതാണ് ഗതാഗത തടസത്തിന് കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ റോഡരികില്‍നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ശശികുമാര്‍, ആര്‍. സുകു, തഹസില്‍ദാര്‍ എഫ്. റോയ്കുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ഭരതന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ വി. ശോഭാംബിക, ആര്‍. രാജേശ്വരി, അനില്‍ എബ്രഹാം, കെ. മധുസൂദനന്‍, എം. എസ്. ഷീബ, എം. നൗജാസ്, വില്ലേജ് ഓഫീസര്‍മാര്‍, മറ്റു ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു