കൊല്ലം റെയില്‍വെ സ്റ്റേഷനു സമീപത്തെ അലക്കുകുഴി നിവാസികളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങി. ഇവര്‍ക്കായി മുണ്ടയ്ക്കല്‍ പ്രദേശത്ത് നഗരസഭയുടെ ഉടമസ്ഥതതയിലുള്ള  ഒന്നരയേക്കര്‍ സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മിക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 24 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപാര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് നഗരസഭയാണ് തയ്യാറാക്കിയത്. അവശ്യ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന  വീടുകളാകും നിര്‍മിച്ചു നല്‍കുകയെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു.
ഓരോ കുടുംബത്തിനും മൂന്നു സെന്റ്  ഭൂമിയില്‍ 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിര്‍മിക്കുക. മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ക്ക് ജീവനോപാധിയ്ക്കായി ആധുനിക സംവിധാനങ്ങളുള്ള ലോണ്‍ട്രി യൂണിറ്റും രണ്ടാം ഘട്ടത്തില്‍ നഗരസഭ സജ്ജമാക്കും.  കമ്മ്യൂണിറ്റി ഹാള്‍, അങ്കണവാടി തുടങ്ങിയവയും ഇവിടെയുണ്ടാകും.
കുടുംബശ്രീയ്ക്കാണ് വീടുകളുടെ നിര്‍മാണച്ചുമതല നല്‍കിയിട്ടുള്ളത്. ഇതിനായി കുടുംബശ്രീയുമായി പ്രത്യേക കരാറുണ്ടാക്കും.  രണ്ടു മുറികള്‍, അടുക്കള, ശുചിമുറി, സിറ്റ് ഔട്ട് എന്നിവയടങ്ങുന്ന വീടൊന്നിന് 10,20,000 രൂപയോളം നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതായി കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു അറിയിച്ചു.