സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൃഷിഭൂമി വായ്പാ പദ്ധതിലേക്ക് പട്ടിക ജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഞ്ചു ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ 21നും 55നും ഇടയില്‍ പ്രായമുള്ള വിവാഹിതരായിരിക്കണം.
കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 120000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ വായ്പാ തുകകൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം.
 മൊത്തം പദ്ധതി തുകയില്‍ പരമാവധി 50000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡിയായി ലഭിക്കും. വായ്പാ തുക നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ആറു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണം. തിരിച്ചടവില്‍ വീഴ്ച്ച വരുത്തുന്നവര്‍ രണ്ടു ശതമാനം പിഴപ്പലിശ കൂടി അടയ്ക്കണം. വാങ്ങുന്ന ഭൂമി കൃഷിക്ക് അനുയോജ്യമായിരിക്കണം. ഭൂമി അപേക്ഷകന്റേയും ഭാര്യ/ഭര്‍ത്താവിന്റെയും കൂട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണമായി തീരുന്നതുവരെ കോര്‍പ്പറേഷന് പണയപ്പെടുത്തേണ്ടതുമാണ്.
ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. മുമ്പ് കോര്‍പ്പറേഷനില്‍ നിന്നും കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഓഫീസില്‍ ലഭിക്കും. ജാതി, കുടുംബ വാര്‍ഷിക വരുമാനം (ആറു മാസത്തിനുള്ളില്‍ ലഭിച്ചത്), വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മേയ് 20 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം