കോഴിക്കോട്: ജില്ലയില് ഷിഗല്ല രോഗം റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ജില്ലയില് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. ഭക്ഷണത്തിലൂടെ പകരുന്നതും മാരകമായ രോഗം ഉണ്ടാക്കാന് ശേഷിയുള്ളതുമായ രോഗാണുവാണ് ഷിഗല്ല ബാക്ടീരിയ. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള് ഗുരുതരാവസ്ഥയിലെത്തിയാല് അഞ്ച് വയസിന് താഴെ പ്രായമുള്ള രോഗം പിടിപെട്ട കുട്ടികളില് മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില് രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗികളുടെ വിസര്ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്ക്കമുണ്ടായാല് രോഗം എളുപ്പത്തില് വ്യാപിക്കും. രണ്ട് മുതല് ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള് കാണപ്പെടുന്നു. ചിലകേസുകളില് ലക്ഷണങ്ങള് നീണ്ടുനില്ക്കാം. ചിലരില് ലക്ഷണങ്ങള് പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്ന്ന മലവിസര്ജ്ജനം, നിര്ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല് ഉടന് വൈദ്യസഹായം തേടണം.
പ്രധാന രോഗ ലക്ഷണങ്ങള്
വയറിളക്കം (ചിലപ്പോള് രക്തത്തോടു കൂടിയത് ) , പനി, വയറുവേദന, ക്ഷീണം, രക്തം കലര്ന്ന മലം, ടെനിസ്മസ് (മലാശയം ശൂന്യമായിരിക്കുമ്പോഴും വേദനയോടുകൂടിയ മലവിസര്ജ്ജനത്തിനുള്ള തോന്നല്).
ഇവയും ഉണ്ടാകാം
വന്കുടല്വീക്കം, പോഷകക്കുറവ്, മലാശയം പുറത്തേയ്ക്ക് തള്ളല്, സന്ധിവാതം, കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കല്, വിളര്ച്ച, പ്ലേറ്റ്‌ലെറ്റുകള് ഗണ്യമായി കുറയുക, വൃക്കകള് തകരാറിലാവുക.
രോഗബാധിതര് ഉപയോഗിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെയും ഷിഗല്ല പകരാം. രോഗബാധിതര് തയ്യാറാക്കിയ ഭക്ഷണം വഴിയും മറ്റുള്ളവരിലേയ്ക്ക് രോഗം പകര്ന്നേക്കാം. ഷിഗല്ല ബാക്ടീരിയ ശരീരത്തില് പ്രവേശിച്ച് ഒന്നു രണ്ടു ദിവസങ്ങള്ക്കകം രോഗലക്ഷണങ്ങള് കണ്ടുതുടങ്ങും. ആരോഗ്യവാനായ ഒരാളില് രോഗലക്ഷണങ്ങള് ഏതാണ്ട് 5 മുതല് 7 ദിവസം വരെ നീണ്ടുനില്ക്കും. ഷിഗല്ല രോഗത്തിനുള്ള ചികിത്സ എല്ലാ സര്ക്കാര് ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു.
പ്രതിരോധ മാര്ഗങ്ങള്
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്ജനത്തിന് ശേഷവും കൈകള് സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില് മലമൂത്രവിസര്ജനം ചെയ്യാതിരിക്കുക.
* കുഞ്ഞുങ്ങളുടെ ഡയപ്പറുകള് ശരിയായ വിധം സംസ്‌കരിക്കുക.
* രോഗ ലക്ഷണങ്ങള് ഉള്ളവര് ആഹാരം പാകം ചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള് കഴിക്കാതിരിക്കുക.
* ഭക്ഷണ പദാര്ത്ഥങ്ങള് ശരിയായ രീതിയില് മൂടിവെക്കുക.
* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില് ഇടപഴകാതിരിക്കുക.
* രോഗിയുമായി നേരിട്ടുള്ള സമ്പര്ക്കം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവര് ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക.
* കുടിവെള്ള സ്രോതസുകള് ക്ലോറിനേറ്റ് ചെയ്യുക