ഡിസംബര് 31 വരെ വോട്ടര്പട്ടികയില് പേര് ചേര്ക്കാം, തെറ്റ് തിരുത്താം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്പ്പട്ടിക പുതുക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര് ഡി.ബാലമുരളിയുടെ അധ്യക്ഷതയില് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് അവലോകന യോഗം ചേര്ന്നു. സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട റോള് ഒബ്സര്വര് ടിങ്കു ബിശ്വാസ് രാഷ്ട്രീയ പാര്ട്ടികള്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് എന്നിവരുമായി ചര്ച്ച നടത്തി.
ഡിസംബര് 31 വരെ വോട്ടര്പട്ടിക പരിശോധിച്ച് തെറ്റുകള് തിരുത്തുന്നതിനും പേര് ചേര്ക്കുന്നതിനും അവസരമുണ്ട്. 2021 ജനുവരി ഒന്നിനോ അതിനു മുന്പോ 18 വയസ് പൂര്ത്തിയായവരെ കണ്ടെത്തി വോട്ടര് പട്ടികയില് ചേര്ക്കാന് രാഷട്രീയ പാര്ട്ടികള് മുന്കൈയെടുക്കണമെന്ന് ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ബൂത്ത് പരിധിയിലുള്ള മറ്റൊരു സ്ഥലത്ത് കൂടി പോളിംഗ് സൗകര്യമൊരുക്കണമെന്ന് യോഗത്തില് ആവശ്യപ്പെട്ടു. ആയിരത്തില് കൂടുതല് വോട്ടര്മാരുള്ള ബൂത്തുകളില് ഓക്സിലറി ബൂത്തുകള് ഏര്പ്പെടുത്താന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശിച്ചതായി ജില്ലാ കലക്ടര് അറിയിച്ചു. കൂടാതെ വോട്ടര്മാരുടെ സൗകര്യാര്ത്ഥം പോളിംഗ് ബൂത്തുകള് സൗകര്യപ്രദമായ സ്ഥലത്ത് ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട രാഷ്ട്രീയപാര്്ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്ത്ത് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും ജില്ലാ കലക്ടര് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില് കോവിഡ് രോഗികള്ക്ക് പുറമെ 80 വയസിനു മുകളില് പ്രായമുള്ളവര്, അംഗവൈകല്യമുള്ളവര് എന്നിവര്ക്കും പോസ്റ്റല് വോട്ട് അനുവദിക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുണ്ട്. വോട്ടര്പട്ടികയിലെ ഡ്യൂപ്ലിക്കേഷന് പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്ട്ടികള് സഹകരിക്കണമെന്ന് ജില്ലാ കലക്ടര് അഭ്യര്ത്ഥിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നതിനുള്ള സമയപരിധി തീരുമാനിക്കുന്നത്. രാഷ്ട്രീയ പാര്ട്ടികള് കൂടുതല് ബൂത്ത് ലെവല് ഏജന്റുമാരെ നിയമിച്ച് വോട്ടര് പട്ടികയിലെ അപാകതകള് പരിഹരിക്കുന്നതില് ക്രിയാത്മകമായി ഇടപെടണമെന്നും ജില്ലാ കലക്ടര് പറഞ്ഞു. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, തഹസില്ദാര്മാര്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.