കോട്ടയം: മീനച്ചില്‍ താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എം. അഞ്ജന ഡിസംബര്‍ 31ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

പരാതിക്കാര്‍ക്ക് ഇന്ന് (ഡിസംബര്‍ 23) രാവിലെ 10 മുതല്‍ നാളെ (ഡിസംബര്‍ 24) ഉച്ചയ്ക്ക് 12 വരെ മീനച്ചില്‍ താലൂക്കിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇ-ആപ്ലിക്കേഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിക്കുന്ന ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ്, നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള പരാതികളാണ് സ്വീകരിക്കുക.

നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് ഡിസംബര്‍ 31 രാവിലെ 11 മുതല്‍ കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. അപേക്ഷകര്‍ക്ക് കളക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് അദാലത്തില്‍ പങ്കുചേരും.