കുടുംബശ്രീ പുതിയ വെല്ലുവിളികൾ നേരിടുന്നതിന് പ്രാപ്തമായതായും തുടർന്നുള്ള സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായി പുതിയ പ്രയത്‌നങ്ങളുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ കുടുംബശ്രീയുടെ ജില്ലാതല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വനിതസംരംഭങ്ങളോ സേവനസംരംഭങ്ങളോ ആരംഭിക്കണം. കഴിവുണ്ടായിട്ടും കലാപരിപാടികൾ അവതരിപ്പിക്കാൻ സാഹചര്യമില്ലാതിരുന്നവർക്ക് മികച്ച അവസരമാണ് കുടുംബശ്രീ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്‌സൺ പി.ആർ. സോന അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ എസ്. ഗോപകുമാർ,ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ  സുരേഷ് പി.എൻ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സാബു സി മാത്യു എന്നിവർ പങ്കെടുത്തു.