തൃശൂര്‍: കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സനായി സി പി ഐ യിലെ എം യു ഷിനിജ തെരഞ്ഞെടുക്കപ്പെട്ടു. മുൻ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ ഷിനിജയുടെ പേര് നിർദ്ദേശിച്ചു. സി പി ഐ അംഗം അഡ്വ വി എസ് ദിനൽ പിന്താങ്ങി. ചാപ്പാറ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷിനിജ നഗരസഭയിൽ നവാഗതയാണ്. ഭൂനികുതി ഡപ്യൂട്ടി കളക്ടർ എ പി കിരൺ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഷിനിജ നഗരസഭ ചെയർപേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസറായ ഭൂനികുതി ഡെപ്യൂട്ടി കളക്ടർ എ പി കിരൺ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ പുതിയ ചെയർപേഴ്സനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. മുൻ നഗരസഭ ചെയർമാനും പുതിയ ഭരണസമിതിയിലെ മുതിർന്ന അംഗവുമായ കെ ആർ ജൈത്രൻ, നഗരസഭാ സെക്രട്ടറി ടി കെ സുജിത്, പുതിയ ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.