തൃശ്ശൂർ: കോർപ്പറേഷൻ പതിനാറാം ഡിവിഷൻ നെട്ടിശ്ശേരിയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വർഗീസ് തൃശൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിർ സ്ഥാനാർത്ഥി യു ഡിഎഫിലെ എൻ എ ഗോപകുമാറിനെക്കാളും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം കെ വർഗീസ് മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രാവിലെ പതിനൊന്നരയോടെയാണ് മേയർ തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ജില്ലാ കലക്ടർ വിശദീകരിച്ചു. കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ 54 കൗൺസിലർമാരുടെ പേരും ഡിവിഷനുകളും വായിച്ച് ഉറപ്പ് വരുത്തി.
തുടർന്ന് രഹസ്യ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താൻ അനുമതിയായി.എൽഡിഎഫ് സ്ഥാനാർത്ഥിയായി എം കെ വർഗീസ്, യു ഡിഎഫ് സ്ഥാനാർത്ഥിയായി എൻ എ ഗോപകുമാർ, ബിജെപി സ്ഥാനാർത്ഥിയായി വിനോദ് പൊള്ളഞ്ചേരി എന്നിവർ ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ ഡോ വി ആതിര ആദ്യത്തെ വോട്ട് രേഖപ്പെടുത്തി. തുടർന്ന് 53 കൗൺസിലർമാരും വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് പ്രതിനിധി ജോൺ ഡാനിയേൽ, എൽഡിഎഫ് പ്രതിനിധി ഷാജൻ പി കെ, ബി ജെ പി പ്രതിനിധി എൻ പ്രസാദ് എന്നിവർ നോമിനികളായി. ആദ്യഘട്ട വോട്ടെണ്ണിയപ്പോൾ എം കെ വർഗീസിന് 24 വോട്ടും എൻ എ ഗോപകുമാറിന് 23 വോട്ടും വിനോദ് പൊള്ളഞ്ചേരിക്ക് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.തുടർന്ന് തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് ഏറ്റവും കുറഞ്ഞ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് തുടർന്നു. തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ബാലറ്റ് പേപ്പറിന്റെ നിറം മാറ്റിയാണ് വോട്ടെടുപ്പ് നടത്തിയത്.
എൽ ഡി എഫ് പ്രതിനിധി എം കെ വർഗീസ്, യു ഡി എഫ് പ്രതിനിധി എൻ എ ഗോപകുമാർ എന്നിവർ സ്ഥാനാർത്ഥികളായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്നു. 48 കൗൺസിലർമാർ രണ്ടാംഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തി. എൽഡിഎഫ് പ്രതിനിധി ഷാജൻ പി കെ, യുഡിഎഫ് പ്രതിനിധി ജോൺ ഡാനിയേൽ എന്നിവർ നോമിനികളായി രണ്ടാം ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ എം കെ വർഗീസിന് 25 വോട്ടും എതിർ സ്ഥാനാർത്ഥി എൻ എ ഗോപകുമാറിന് 23 വോട്ടുകളും ലഭിച്ചു. ജില്ലാ കലക്ടർ എം കെ വർഗീസിനെ മേയറായി പ്രഖ്യാപിച്ച് പൂച്ചെണ്ട് നൽകി അനുമോദിച്ചു. തുടർന്ന് മേയർ ഗൗൺ അണിഞ്ഞതിനുശേഷം പുതിയ മേയർക്ക് ജില്ലാ കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് കോർപ്പറേഷൻ രജിസ്റ്ററിലും മറ്റു പ്രധാന രേഖകളിലും മേയർ ഒപ്പ് രേഖപ്പെടുത്തി. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മേയർ അജിത ജയരാജൻ വിവിധ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ മേയറെ
പൊന്നാടയണിയിച്ചു.