പുനരധിവാസം ഉറപ്പാക്കും:
മന്ത്രി ഇ. ചന്ദ്രശേഖരൻ
– 192 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരം ജില്ലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. തീരദേശ മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ 2000 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുള്ളതായി അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ്് എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ പ്രശ്‌നങ്ങളെ സർക്കാർ അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്നും വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുതെങ്ങ് അടക്കമുള്ള പ്രദേശങ്ങളിലെ തീരം സംരക്ഷിക്കുന്നതിന് കടൽഭിത്തി, പുലിമുട്ട് എന്നിവ നിർമിക്കുന്നതിനു യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ഫാ. പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാട്ടുകാർ വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വലിയതുറ സെന്റ് ആന്റണീസ് സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. സൗകര്യങ്ങൾ വിലയിരുത്തി. കടലാക്രമണത്തിൽ സർട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവർക്ക് അവ വേഗത്തിൽ ലഭ്യമാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
തിരുവനന്തപുരം താലൂക്കിൽ 112 കുടുംബങ്ങളിലെ 298 പേർ ആറു ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിക്കപ്പെട്ടിട്ടുണ്ട്. വലിയതുറ യു.പി.എസിൽ 26 കുടുംബങ്ങളും എൽ.പി.എസിൽ അഞ്ചും എഫ്.റ്റി.എസിൽ 17 ഉം സെന്റ് ആന്റണീസ് സ്‌കൂളിൽ 32 ഉം പേട്ട ബഡ്‌സ് സ്‌കൂളിൽ 25 ഉം പോർട്ട് ഗോഡൗണിൽ ഏഴു കുടുംബങ്ങളുമാണുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ്് എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ 80 കുടുംബങ്ങളിലെ 197 പേരുണ്ട്. ഇവിടെ 80 വീടുകൾക്ക് നാശമുണ്ടായതായാണ് പ്രഥമ റിപ്പോർട്ട്. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അനു എസ്. നായർ, തഹസിൽദാർ ക്ലമന്റ് ലോപ്പസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.