കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് സമ്മേള ഹാളില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സുരക്ഷിത ഗതാഗതത്തെ കുറിച്ച് ബോധ്യമുളളവര്‍ക്ക് മാത്രമേ മികച്ച ഡ്രൈവറാകാന്‍ സാധിക്കുകയുളളുവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഈ വര്‍ഷം (2018) ഇതുവരെ ജില്ലയില്‍ 117 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. കണക്കു പ്രകാരം ജില്ലയില്‍ ദിനംപ്രതി ഒരാള്‍ വാഹനാപകടത്തില്‍ മരിക്കുന്നുണ്ട്. സ്വയം സുരക്ഷയോടൊപ്പം മറ്റുളളവരുടെ സുരക്ഷയും മുന്‍ നിര്‍ത്തിയുളള ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (എപ്രില്‍ 24) റോഡ് സുരക്ഷാ എക്‌സിബിഷന്‍, 25 ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കണ്ണ് പരിശോധന, സംയുക്ത വാഹന പരിശോധന, റോഡ് സുരക്ഷാ വിഡിയോ പ്രദര്‍ശനം, ബോധവത്ക്കരണ ക്ലാസ് എന്നിവ നടക്കും.
ആര്‍.ടി.ഒ ടി.സി വിനീഷ് അധ്യക്ഷനായ പരിപാടിയില്‍ നഗരസഭാ അംഗം പി.ആര്‍.സുജാത, ജോയിന്റ് ആര്‍.ടി.ഒ കെ. ജോഷി, ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് പ്രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബോധവത്കരണ ക്ലാസെടുത്തു.