തിരുവനന്തപുരം:എല്ലാ സ്‌കൂളുകളിലും കോവിഡ് സെല്ലുകള്‍
സംശയ ദൂരീകരണത്തിനും പ്രാക്ടിക്കലിനുമായി കുട്ടികൾ ജനുവരി ഒന്നുമുതല്‍ സ്കൂളുകളിൽ എത്തും. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായാണിത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം.സഫീറിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍/നഴ്സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ് അംഗങ്ങള്‍.
ജനുവരി ഒന്നുമുതല്‍ രാവിലെയും ഉച്ചയ്ക്കും രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സി. എഫ്.എല്‍.ടി.സികളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളെ അണുവിമുക്തമാക്കി വിദ്യാഭ്യാസ വകുപ്പിന് തിരികെ നല്‍കിയിട്ടുണ്ട്.