ഇടുക്കി: മൂന്നാറിന്റെ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഫ്ളൈ ഓവറുമായി ബന്ധപ്പെട്ട തുടര്‍ ജോലികള്‍ക്കായി കിഫ്ബി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്നാറില്‍ പരിശോധന നടത്തി.

നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറി മറിയും. സഞ്ചാരികളുടെ വര്‍ദ്ധനവില്‍ മൂന്നാര്‍ ടൗണിലെ ഗതാഗത കുരുക്ക് അനുദിനം കൂടുകയാണ്. ഫ്ളൈ ഓവര്‍ വരുന്നതോടെ മൂന്നാറിന്റെ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന മൂന്നാര്‍ ടൗണില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന നാളുകളായുള്ള ആവശ്യങ്ങള്‍ക്കൊടുവിലാണ് കിഫ്ബി വഴി സര്‍ക്കാരിത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നത്.

ഫ്‌ളൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ ജോലികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഫ്‌ളൈ ഓവറുകളുടെ അലൈന്‍മെന്റടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കിഫ്ബി പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ എ.എക്‌സ്.ഇ സൂസന്‍ സാറാ സാമുവല്‍, സിഎംഡി കണ്‍സള്‍ട്ടന്റ് ഹരി വിജി, സിഎംഡി എഞ്ചിനിയര്‍ വിപിന്‍ സി, കിഫ്ബി കണ്‍സള്‍ട്ടന്റ് ഹരി എസ് പിള്ളൈ എന്നിവരുള്‍പ്പെട്ട സംഘമാണ് മൂന്നാറിലെത്തിയത്.

മൂന്നാര്‍ ടൗണിലും മാട്ടുപ്പെട്ടി റോഡിലുമുള്‍പ്പെടെ വിവിധ ഇടങ്ങളിലെത്തി സംഘം പരിശോധന നടത്തി.രണ്ട് റീച്ചുകളായി ഏകദേശം 600 മീറ്ററോളം നീളം വരുന്ന ഫ്‌ളൈഓവറുകളാണ് മൂന്നാറില്‍ നിര്‍മിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. മറയൂര്‍, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കും വിധമാണ് രണ്ട് ഫ്‌ളൈഓവറുകളുടെ ദിശ ക്രമീകരിച്ചിരിക്കുന്നത്.

ഡിപിആര്‍ കഴിഞ്ഞ സാഹചര്യത്തില്‍ നിര്‍മ്മാണത്തുക അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പുള്ള പരിശോധനയാണ് ചൊവ്വാഴ്ച്ച നടന്നതെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. 63 കോടി രൂപയോളം ഫ്‌ളൈ ഓവറിനായി വകയിരുത്തിയിട്ടുണ്ടെന്നും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി. ഫ്‌ളൈഓവര്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടാല്‍ അത് മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കും കൂടുതല്‍ കരുത്തേകും.

ചിത്രം: എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറില്‍ പരിശോധന നടത്തുന്നു