ആലപ്പുഴ : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ജില്ലയിലെ സ്കൂളുകൾ ജനുവരി ഒന്നിന് ( 1/1/2021) തുറക്കും. 10, 12 ക്ലാസ്സുകളിലാണ് ജനുവരി ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ജില്ല കളക്ടർ എ അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയിലെ 127 എയ്ഡഡ് സ്കൂളും 67 സർക്കാർ സ്കൂളുകളുമാണ് ജനുവരി ഒന്നിന് തുറക്കുക. ഈ സ്കൂളുകളിലെല്ലാം ഫയർ ഫോഴ്‌സിന്റ നേതൃത്വത്തിൽ ശുചീകരണം നടത്താൻ കളക്ടർ നിർദ്ദേശം നൽകി. കെ എസ് ആർ ടി സി, ജലഗതാഗത വകുപ്പ് എന്നിവ സർവീസ് ഉറപ്പാക്കണം. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ ശുചിയാക്കുന്നതിനൊപ്പം സ്കൂൾ പരിസരം വൃത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. സ്കൂളും പരിസരവും വൃത്തിയാക്കുന്നുണ്ടോ എന്നുള്ളത് എ ഇ ഒ മാർ സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കണം.

കരുതാം ആലപ്പുഴയുടെ ഭാഗമായി സ്കൂൾ തുറക്കുന്ന ദിവസം ജില്ല ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കുട്ടികൾക്കായി കോവിഡ് ബോധവത്ക്കരണ ഹൃസ്വ വീഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. കെ എസ് ഡി പി എല്ലാ സ്കൂളിലേക്കും അഞ്ച് ലിറ്റർ സാനിറ്റൈസർ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭാസ ഉപഡയറക്ടർ ധന്യ ആർ കുമാർ യോഗത്തിൽ പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ നേരിട്ട് സ്കൂളിൽ വരേണ്ടതില്ലെന്നും പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരി 15 വരെയും പ്ലസ്ടു ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരി 30 വരെയും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാം. 300 ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 25% എന്ന കണക്കിൽ രണ്ടു ദിവസങ്ങളിലായും 300 ന് താഴെ കുട്ടികൾ ആണെങ്കിൽ രാവിലേയും ഉച്ചക്കുമായി ക്ലാസ്സുകൾ നടത്താനുമാണ് നിശ്ചയിച്ചിട്ടുള്ളത്. കുട്ടികൾ മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കണം. അദ്ധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഡി എം ഒ ദീപ്തി പറഞ്ഞു.

യോഗത്തിൽ എ.ഡി.എം ജെ മോബി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി കോർഡിനേറ്റർമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.